Skip to content

ഐ പി എല്ലിനെ വെല്ലാൻ പോന്ന ലീഗുകൾ വേറെയില്ല ! മത്സരങ്ങൾ ഇനിയും വർധിപ്പിക്കും : ഐ പി എൽ ചെയർമാൻ

ലോക ക്രിക്കറ്റിൽ നിരവധി ടി20 ലീഗുകൾ ഉയർന്നുവരുന്നുവെങ്കിലും അതൊന്നും ഐ പി എല്ലിന് വെല്ലുവിളിയാകില്ലെന്ന് ഐ പി എൽ ചെയർമാൻ അരുൺ ധുമാൽ. ബിഗ് ബാഷ് ലീഗ്, കരീബിയൻ പ്രീമിയർ ലീഗ്, പാകിസ്ഥാൻ സൂപ്പർ ലീഗ് എന്നീ ലീഗുകൾ വർഷങ്ങളായി നടക്കുന്നുവെങ്കിലും കഴിഞ്ഞ വർഷം സൗത്താഫ്രിക്കയിലും യു എ ഇയിലും പുതിയ ലീഗുകൾ ആരംഭിച്ചു. ഇപ്പോഴിതാ അടുത്ത മാസം മുതൽ അമേരിക്കയിലും പുതിയ ടി20 ലീഗ് ആരംഭിക്കുകയാണ്.

” ഐ പി എല്ലിന് മത്സരാർത്ഥിയായി മറ്റൊരു ലീഗിനെയും ഞങ്ങൾ കാണുന്നില്ല. ഐ പി എല്ലിന് അടുത്തുപോലും മറ്റൊരു ലീഗ് ഇല്ല. ലീഗുകൾ ആരംഭിക്കുന്ന എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും ഞങ്ങളുടെ ആശംസകൾ. പക്ഷേ അവരെ വെല്ലുവിളിയായി ഞങ്ങൾ കാണുന്നില്ല. ” അരുൺ ധുമാൽ പറഞ്ഞു.

ഈ ഐ പി എൽ സീസണിന് ഗംഭീര പ്രതികരണമാണ് എല്ലാ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഭാവിയിൽ ഐ പി എല്ലിലെ മത്സരങ്ങൾ 74 ൽ നിന്നും 94 ആയി വർധിപ്പിക്കുമെന്നും സാലറി ക്യാപ്പ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ടീം ഉടമകളുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.