Skip to content

അന്ന് ചെയ്തത് വലിയ അബദ്ധം !! കോഹ്ലിയെയും രവി ശാസ്ത്രിയെയും കുത്തി അനിൽ കുംബ്ലെ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ പോരാട്ടത്തോടെ ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുകയാണ് അമ്പാട്ടി റായിഡു. തൻ്റെ അബ്‌സാന മത്സരത്തിൽ കിരീടനേട്ടത്തോടെ മടങ്ങുവാൻ താരത്തിന് സാധിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനവും 6 ടി20 മത്സരവും കളിച്ചിട്ടുള്ള താരത്തിന് ടീമിൽ സ്ഥിരമായി സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും 2019 ഏകദിന ലോകകപ്പിൽ നിന്നും താരത്തെ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഓൾ റൗണ്ടർ വിജയ് ശങ്കറിനെയാണ് ഇന്ത്യ റായിഡുവിനെ അവഗണിച്ചുകൊണ്ട് ടീമിൽ ഉൾപെടുത്തിയത്. 2018 ഐ പി എല്ലിന് ശേഷം 2019 ലോകകപ്പിന് മുൻപ് വരെ 21 ഏകദിന മത്സരങ്ങൾ കളിച്ച റായിഡു 639 റൺസ് നേടിയിരുന്നു.

റായിഡുവിനെ ഒഴിവാക്കികൊണ്ട് ഇന്ത്യ നടത്തിയ പരീക്ഷണം പരാജയപെട്ടുവെന്നുമാത്രമല്ല ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ പുറത്താവുകയും ചെയ്തു. ഇപ്പോഴിതാ റായിഡു ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയ അവസരത്തിൽ അന്നത്തെ ക്യാപ്റ്റനായ കോഹ്ലിയ്ക്കും കോച്ച് രവി ശാസ്ത്രിയ്ക്കും നേരെ ഒളിയമ്പ് തൊടുത്തുവിട്ടിരിക്കുകയാണ് അനിൽ കുംബ്ലെ.

2019 ഏകദിന ലോകകപ്പിൽ നിന്നും അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയത് വലിയ അബദ്ധം തന്നെയായിരുന്നുവെന്നും അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്നും അത്രയും നാൾ നാലാം നമ്പറിൽ അവസരം നൽകിയ ശേഷം ലോകകപ്പിലെത്തിയപ്പോൾ റായിഡുവിനെ ഒഴിവാക്കിയത് മനസ്സിലാക്കാൻ കഴിയാത്തതാണെന്നും അനിൽ കുംബ്ലെ തുറന്നടിച്ചു.