Skip to content

30 റൺസിന് ഓൾ ഔട്ടായാലും കുഴപ്പമില്ല ! ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ് : അയർലൻഡ് ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുകയാണ് അയർലൻഡ്. നാളെയാണ് ക്രിക്കറ്റിൻ്റെ തറവാടായ ലോർഡ്സിൽ മത്സരം ആരംഭിക്കുന്നത്. എന്നാൽ ഈ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും 30 റൺസിൽ പുറത്തായാൽ പോലും തങ്ങൾക്ക് കുഴപ്പമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അയർലൻഡ് ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണി. തങ്ങളുടെ ലക്ഷ്യം മറ്റൊന്നാണെന്നും അയർലൻഡ് ക്യാപ്റ്റൻ പറഞ്ഞു.

ഈ മത്സരത്തിൽ വിജയിക്കുന്നതിനേക്കാൾ ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനും അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനും യോഗ്യത നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബാൽബിർണി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിങ്സിലും 30 ന് ഓൾ ഔട്ടായി രണ്ട് ലോകകപ്പിലേക്കും യോഗ്യത നേടുവാൻ സാധിച്ചാൽ അത് തങ്ങളുടെ വിജയമായിരിക്കുമെന്നും അയർലൻഡ് ക്യാപ്റ്റൻ പറഞ്ഞു.

ഈ ടെസ്റ്റ് മത്സരത്തിന് ശേഷം ഏകദിന ലോകകപ്പ് ക്വാളിഫയറിനായി സിംബാബ്‌വെയിലേക്ക് അയർലൻഡ് പറക്കും. ശ്രീലങ്ക, വെസ്റ്റിൻഡീസ്, യു എസ് എ, നെതർലൻഡ്സ്, നേപ്പാൾ, സിംബാബ്‌വെ, ഒമാൻ, സ്കോട്ലൻഡ്, യു എ ഇ എന്നീ ടീമുകൾക്കൊപ്പമാണ് അയർലൻഡ് മാറ്റുരയ്ക്കുക. ഇതിൽ നിന്നും രണ്ട് ടീമുകളായിരിക്കും ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടുക.

അതിന് ശേഷം ടി20 ലോകകപ്പ് ക്വാളിഫയറിനായി സ്കോട്ലൻഡിലേക്ക് അയർലൻഡ് തിരിക്കും. ഇറ്റലി, ഡെൻമാർക്ക്, ജർമ്മനി, ഓസ്ട്രിയ, ജേഴ്സി, സ്കോട്ലൻഡ് എന്നീ ടീമുകളായിരിക്കും അവിടെ അയർലൻഡിൻ്റെ എതിരാളികൾ.