Skip to content

തോൽവിയ്ക്ക് കാരണക്കാരൻ ഹാർദിക്ക് പാണ്ഡ്യ ! വിമർശനവുമായി ഇന്ത്യൻ ഇതിഹാസം

ഐ പി എൽ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ തോൽവിയ്ക്ക് കാരണക്കാരൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ആവേശം നിറഞ്ഞ പോരാട്ടത്തിൽ അവസാന പന്തിലായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചത്.

അവസാന ഓവറിൽ 13 റൺസ് വേണമെന്നിരിക്കെ ആദ്യ നാല് പന്തിൽ വെറും മൂന്ന് റൺസ് മാത്രമാണ് മോഹിത് ശർമ്മ വിട്ടുകൊടുത്തത്. ബാറ്റ്സ്മാന്മാർ സമ്മർദ്ദത്തിലായ ആ ഘട്ടത്തിൽ വെള്ളവുമായി ഡഗൗട്ടിൽ നിന്നും ഒരു താരമെത്തുകയും അതുവരെ മിണ്ടാതിരുന്ന പാണ്ഡ്യ മോഹിത് ശർമ്മയുടെ അടുത്തെത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അടുത്ത രണ്ട് പന്തുകളിൽ സിക്സും ഫോറും നേടികൊണ്ട് ജഡേജ ടീമിനെ വിജയത്തിലെത്തിച്ചത്. പാണ്ഡ്യയുടെ ഈ അനാവശ്യ ഇടപെടൽ കൊണ്ടാണ് മത്സരത്തിൽ ഗുജറാത്ത് തോറ്റതെന്നാണ് സുനിൽ ഗാവസ്കറുടെ വിമർശനം.

ആദ്യ നാല് പന്തുകൾ നന്നായി എറിഞ്ഞ മോഹിത് ശർമ്മയ്‌ക്ക് ഹാർദിക്ക് എന്തിനാണ് നിർദ്ദേശങ്ങൾ നൽകിയതെന്ന് തനിക്ക് മനസ്സിലാവുന്നില്ലയെന്നും ബൗളർ മികച്ച താളത്തിലാണെങ്കിൽ ആരും ഒന്നും തന്നെ പറയേണ്ടതില്ലെന്നും അകലെ നിന്നുകൊണ്ട് അഭിനന്ദിക്കുക മാത്രമാണ് ക്യാപ്റ്റൻ ചെയ്യേണ്ടിയിരുന്നതെന്നും അനാവശ്യമായി നിർദ്ദേശങ്ങൾ നൽകുന്നത് ശരിയായ കാര്യമല്ലയെന്നും സുനിൽ ഗാവസ്കർ പറഞ്ഞു.