Skip to content

ഐ പി എൽ കിരീടത്തിന് പുറകെ പതിരാനയെ തേടി മറ്റൊരു സന്തോഷവാർത്ത

മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനായി ശ്രീലങ്കൻ യുവപേസർ മതീഷ പതിരാന ഈ സീസണിൽ ഉടനീളം കാഴ്ച്ചവെച്ചത്. ദീപക് ചഹാർ അടക്കമുളള ബൗളർമാർ ഉണ്ടായിരുന്നുവെങ്കിലും ഡെത്ത് ബൗളിങിലെ ഉത്തരവാദിത്വം ഈ യുവതാരത്തിനെയാണ് ധോണി ഏൽപ്പിച്ചത്. ധോണി അർപ്പിച്ച വിശ്വാസം താരം നിറവേറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചെന്നൈയ്ക്കൊപ്പം ഐ പി എൽ കിരീടം നേടിയതിന് പുറകെ മറ്റൊരു സന്തോഷവാർത്ത താരത്തെ തേടി എത്തിയിരിക്കുകയാണ്.

ജൂണിൽ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഈ യുവതാരത്തെ ഉൾപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം ടി20 ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കായി താരം അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ ഏകദിന ലോകകപ്പിന് മാസങ്ങൾക്ക് മുൻപേ ഏകദിനത്തിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.

ജൂൺ രണ്ടിനാണ് അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയിലെ പ്രകടനം കണക്കിലെടുത്താണ് ജൂൺ 18 ന് ആരംഭിക്കുന്ന ലോകകപ്പ് ക്വാളിഫയറിനുള്ള ടീമിനെ ശ്രീലങ്ക പ്രഖ്യാപിക്കുക. അയർലൻഡ്, സ്കോട്ലൻഡ്, ഒമാൻ, യു എ ഇ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്കയുള്ളത്. ക്വാളിഫയറിൽ നിന്നും യോഗ്യത നേടുന്ന രണ്ട് ടീമുകളായിരിക്കും മറ്റ് എട്ട് ടീമുകൾക്കൊപ്പം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കുക.