ഐ പി എൽ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് അഞ്ചാം കിരീടം നേടി ചെന്നൈ സൂപ്പർ കിങ്സ്. മഴ പാതിയിൽ തടസ്സപെടുത്തിയ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വിജയം.
ഗുജറാത്ത് ഇന്നിങ്സിന് ശേഷം മഴ കളി തടസ്സപെടുത്തിയതോടെയാണ് മത്സരം 15 ഓവറാക്കി ചുരുക്കുകയും സി എസ് കെയുടെ വിജയലക്ഷ്യം 171 റൺസാക്കി നിശ്ചയിക്കുകയും ചെയ്തത്. വിജയലക്ഷ്യം 15 ആം ഓവറിലെ അവസാന പന്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് മറികടന്നത്. തകർപ്പൻ തുടക്കമാണ് റിതുരാജ് ഗയ്ക്ക്വാദും കോൺവെയും ചേർന്ന് ചെന്നൈയ്‌ക്ക് സമ്മാനിച്ചത്.
കോൺവെ 25 പന്തിൽ 47 റൺസ് നേടിയപ്പോൾ റിതുരാജ് ഗയ്ക്ക്വാദ് 16 പന്തിൽ 26 റൺസ് നേടി. പിന്നീട് ക്രീസിലെത്തിയ അജിങ്ക്യ രഹാനെ 13 പന്തിൽ 27 റൺസ് നേടിയപ്പോൾ തൻ്റെ അവസാന മത്സരം കളിക്കുവാൻ ഇറങ്ങിയ അമ്പാട്ടി റായിഡു 8 പന്തിൽ 19 റൺസ് നേടി. ക്യാപ്റ്റൻ എം എസ് ധോണി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ പന്തിൽ റൺസ് നേടി തകർത്തടിച്ച ശിവം ദുബെയും 6 പന്തിൽ 15 റൺസ് നേടിയ ജഡേജയും ചേർന്നാണ് ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 47 പന്തിൽ 8 ഫോറും 6 സിക്സും ഉൾപ്പടെ 96 റൺസ് നേടിയ സായ് സുധർശൻ, 39 പന്തിൽ 54 റൺസ് നേടിയ വൃദ്ധിമാൻ ശാഹ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടിയത്.