Skip to content

അവൻ ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷ !! ഗില്ലിനെ കുറിച്ച് രോഹിത് ശർമ്മ

ഐ പി എല്ലിലെ തകർപ്പൻ ഫോം ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗിൽ ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്വാളിഫയറിൽ ഗുജറാത്തിനോട് ഏറ്റുവാങ്ങിയ തോൽവിയ്‌ക്ക് ശേഷം പ്രതികരിക്കവെയാണ് തോൽവിയിലും ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിൻ്റെ ഫോമിൽ ഹിറ്റ്മാൻ സന്തോഷം പ്രകടിപ്പിച്ചത്.

മത്സരത്തിൽ 62 റൺസിൻ്റെ തോൽവിയാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. ടൈറ്റൻസ് ഉയർത്തിയ 234 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് 18.2 ഓവറിൽ 171 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ ഗുജറാത്ത് ടൈറ്റൻസ് കുറിച്ചത്. സീസണിലെ മൂന്നാം സെഞ്ചുറി നേടിയ ഗിൽ 60 പന്തിൽ 129 റൺസ് അടിച്ചുകൂട്ടിയിരുന്നു.

” മികച്ച ടോട്ടലാണ് അവർക്ക് ലഭിച്ചത്. ശുഭ്മാൻ നന്നായി ബാറ്റ് ചെയ്തു. വിജയത്തിൻ്റെ ക്രെഡിറ്റ് അവന് നൽകണം. അവൻ മികച്ച ഫോമിലാണ്. അവനത് തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു.