തകർപ്പൻ സെഞ്ചുറിയാണ് മുംബൈ ഇന്ത്യൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിൽ ശുഭ്മാൻ ഗിൽ നേടിയത് സീസണിലെ ശുഭ്മാൻ ഗില്ലിൻ്റെ മൂന്നാം സെഞ്ചുറിയാണിത്. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഗിൽ.
49 പന്തിൽ സെഞ്ചുറി നേടിയ ഗിൽ 60 പന്തിൽ 7 ഫോറും 10 സിക്സും ഉൾപ്പടെ 129 റൺസ് നേടിയാണ് പുറത്തായത്. ഈ സെഞ്ചുറിയോടെ ഐ പി എല്ലിൽ ഒരു സീസണിൽ രണ്ടിൽ കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായി ഗിൽ മാറി. 2016 സീസണിൽ നാല് സെഞ്ചുറി നേടിയ വിരാട് കോഹ്ലിയും കഴിഞ്ഞ സീസണിൽ നാല് സെഞ്ചുറി നേടിയിട്ടുള്ള ജോസ് ബട്ട്ലറും മാത്രമാണ് ഇതിന് മുൻപ് രണ്ടിൽ കൂടുതൽ സെഞ്ചുറി ഒരു സീസണിൽ നേടിയിട്ടുള്ളത്.
മത്സരത്തിലെ സെഞ്ചുറി അടക്കം ഈ സീസണിൽ 16 ഇന്നിങ്സിൽ നിന്നും 60.79 ശരാശരിയിൽ 851 റൺസ് ഗിൽ നേടിയിട്ടുണ്ട്. ഇതോടെ ഐ പി എല്ലിൽ ഒരു സീസണിൽ 800 + റൺസ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും ഗിൽ സ്വന്തമാക്കി. 2016 സീസണിൽ 973 റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലിയും അതേ സീസണിൽ 848 റൺസ് നേടിയ ഡേവിഡ് വാർണറും കഴിഞ്ഞ സീസണിൽ 863 റൺസ് നേടിയിട്ടുള്ള ജോസ് ബട്ട്ലറും മാത്രമാണ് ഇതിന് മുൻപ് ഐ പി എല്ലിൽ ഒരു സീസണിൽ 800+ റൺസ് നേടിയിട്ടുള്ളത്.