Skip to content

ധോണി ചെയ്തത് തെറ്റോ ശരിയോ ! പതിരാനയ്‌ക്ക് ഓവർ നൽകുവാൻ സമയം കളഞ്ഞ് ധോണിയുടെ തന്ത്രം

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. മത്സരത്തിൽ പതിവ് പോലെ ഗംഭീര ക്യാപ്റ്റൻസിയാണ് ധോണി കാഴ്ച്ചവെച്ചത്. എന്നാൽ മത്സരത്തിനിടെ ധോണി പയറ്റിയ തന്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായിരിക്കുന്നത്.

മത്സരത്തിലെ പതിനഞ്ചാം ഓവറിന് ശേഷമാണ് സംഭവം അരങ്ങേറിയത്. പതിനാറാം ഓവർ യുവതാരം പതിരാനയ്‌ക്ക് കൈമാറാനാണ് ധോണി തീരുമാനിച്ചത്. പക്ഷേ ഫീൽഡിൽ ഇല്ലാതിരുന്നതിനാൽ നിശ്ചിത സമയം കഴിയാതെ ഓവർ എറിയുവാൻ അമ്പയർമാർ താരത്തെ അനുവദിച്ചില്ല. ഇതിന് പുറകെ ധോണി അമ്പയർമാരോട് സംസാരിക്കുകയും ആ നിശ്ചിത സമയം കഴിയുന്നത് വരെ കാത്തിരിക്കുകയും ചെയ്തു. പതിരാന ഓവർ എറിയുവാൻ അർഹനായതോടെ മത്സരം വീണ്ടും പുനരാരംഭിച്ചു.

എന്നാൽ ഇതിനിടെ മറ്റൊരു ബൗളറെ കൊണ്ട് പന്തെറിയിക്കാൻ അമ്പയർമാർ തയ്യാറായില്ല. ആ ഓവർ പതിരാനയ്‌ക്ക് എറിയാൻ സാധിച്ചില്ലയെങ്കിൽ നാലോവർ പൂർത്തിയാക്കാൻ താരത്തിന് സാധിക്കുമായിരുന്നില്ല. കൂടാതെ മറ്റൊരു ബൗളറെ കൂടെ സി എസ് കെ കണ്ടെത്തേണ്ടിവരികയും ചെയ്യുമായിരുന്നു.

അമ്പയർമാരുടെ ഈ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നുവരുന്നത്. യഥാർത്ഥത്തിൽ സി എസ് കെയുടെ ഭാഗത്തുനിന്നുണ്ടായ പിഴവായിരുന്നു അമ്പയർമാരുടെ ഉത്തരവാദിത്വ കുറവ് മൂലം ഗുജറാത്ത് ടൈറ്റൻസിന് ഗുണകരമാകാതെ പോയത്. മറ്റൊരു ടീമും മറ്റൊരു ക്യാപ്റ്റനും ആയിരുന്നുവെങ്കിൽ അമ്പയർമാർ ഇത് അനുവദിക്കുമോ എന്ന ചോദ്യവും ഉയരുകയാണ്.