Skip to content

ഇനി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം! ഈ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കും

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുളള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഇന്ത്യൻ ടീമിലെ ആദ്യ ബാച്ച് നാളെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഐ പി എൽ പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കാതിരുന്ന ടീമുകളിലെ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്, അക്ഷർ പട്ടേൽ, ഷാർദുൽ താക്കൂർ അടക്കമുളള താരങ്ങളായിരിക്കും ഇംഗ്ലണ്ടിലേക്ക് തിരിക്കുക.

മുംബൈ ഇന്ത്യൻസ് പ്ലേയോഫിൽ പ്രവേശിച്ചതിനാൽ വൈകിയായിരിക്കും ക്യാപ്റ്റൻ രോഹിത് ശർമ്മ ഇംഗ്ലണ്ടിലെത്തുക. രോഹിത് ശർമ്മയ്ക്കൊപ്പം ശുഭ്മാൻ ഗിൽ, അജിങ്ക്യ രഹാനെ, ഇഷാൻ കിഷൻ, മൊഹമ്മദ് ഷാമി അടക്കമുളള താരങ്ങൾ ഐ പി എൽ അവസാനിച്ച ശേഷമായിരിക്കും ഇംഗ്ലണ്ടിലേക്ക് തിരിക്കുക.

സീനിയർ താരം ചേതേശ്വർ പുജാര ഇതിനോടകം ഇംഗ്ലണ്ടിൽ എത്തികഴിഞ്ഞു. കൗണ്ടിയിൽ മികച്ച പ്രകടനമാണ് സസെക്സിൻ്റെ ക്യാപ്റ്റൻ കൂടിയായ പുജാര കാഴ്ച്ചവെയ്ക്കുന്നത്. മറുഭാഗത്ത് ഓസ്ട്രേലിയൻ സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ എന്നിവർ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ആഷസിനുമായുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി കൗണ്ടിയിൽ കളിക്കുന്നുണ്ട്.