Skip to content

വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടത്തിൽ ക്രിസ് ഗെയ്ലിനെ പിന്നിലാക്കി വിരാട് കോഹ്ലി

ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറി നേടി ആർ സീ ബിയുടെ രക്ഷകനായി കിംഗ് കോഹ്ലി. തൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി കുറിച്ച കോഹ്ലി ചരിത്രനേട്ടത്തിൽ ക്രിസ് ഗെയ്ലിനെയും പിന്നിലാക്കി.

ഐ പി എല്ലിലെ ഏഴാം സെഞ്ചുറിയാണ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. ഇതോടെ ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് കിങ് കോഹ്ലി സ്വന്തമാക്കി. 6 സെഞ്ചുറിയാണ് ഐ പി എല്ലിൽ ക്രിസ് ഗെയ്ൽ നേടിയിരുന്നത്. സൺറൈസേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ക്രിസ് ഗെയ്ലിനൊപ്പം കോഹ്ലി എത്തിയിരുന്നു.

60 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 61 പന്തിൽ 13 ഫോറും ഒരു സിക്സും ഉൾപ്പടെ പുറത്താകാതെ 101 റൺസ് കിങ് കോഹ്ലി അടിച്ചുകൂട്ടി. കോഹ്ലിയുടെ സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ആർ സീ ബി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് അടിച്ചുകൂട്ടി.