Skip to content

പ്രതീക്ഷകൾ അവസാനിച്ചു ! രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്ത്

ഐ പി എൽ 2023 സീസണിൽ നിന്നും പ്ലേയോഫ് കാണാതെ പുറത്തായി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ രാജസ്ഥാൻ റോയൽസ്. ഇന്ന് നടന്ന നിർണ്ണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരബാദിനെ പരാജയപെടുത്തിയതോടെയാണ് രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്തായത്.

സീസണിൽ 14 മത്സരങ്ങളിൽ ഏഴിൽ വിജയിക്കാൻ മാത്രമാണ് രാജസ്ഥാൻ റോയൽസിന് സാധിച്ചത്. ആദ്യ നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച റോയൽസിന് പിന്നീടുള്ള 10 മത്സരങ്ങളിൽ നാല് വിജയം മാത്രമാണ് നേടുവാൻ സാധിച്ചത്.

സൺറൈസേഴ്സിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ വിജയം. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം 18 ഓവറിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. സെഞ്ചുറി നേടിയ യുവതാരം കാമറോൺ ഗ്രീനിൻ്റെ മികവിലാണ് തകർപ്പൻ വിജയം മുംബൈ ഇന്ത്യൻസ് നേടിയത്. 8 ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ഗ്രീനിൻ്റെ ഇന്നിങ്സ്.

മത്സരത്തിൽ വിജയിച്ചുവെങ്കിലും പ്ലേയോഫ് ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിട്ടില്ല. ആർ സീ ബി – ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ ഗുജറാത്ത് വിജയിക്കുകയോ മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താൽ മുംബൈ ഇന്ത്യൻസിന് പ്ലേയോഫിൽ പ്രവേശിക്കാം. നിലവിൽ മഴമൂലം മത്സരത്തിൽ ടോസ് ഇടുവാൻ പോലും സാധിച്ചിട്ടില്ല.