Skip to content

അവൻ ക്രീസിൽ നിന്നപ്പോൾ ഭയപെട്ടുകൊണ്ടാണ് ഞങ്ങൾ പന്തെറിഞ്ഞത് : രവി ബിഷ്നോയ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ട് തങ്ങളുടെ രണ്ടാം സീസണിലും പ്ലേയോഫിൽ പ്രവേശിച്ചിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. റിങ്കു സിങ് ഉയർത്തിയ വെല്ലുവിളി കഷ്ടിച്ച് മറികടന്നുകൊണ്ടാണ് ലഖ്നൗ പ്ലേയോഫ് യോഗ്യത നേടിയത്.

മത്സരത്തിൽ റിങ്കു സിങ് ബാറ്റ് ചെയ്യവെ ഓരോ പന്തും ഭയപെട്ടുകൊണ്ടാണ് തങ്ങൾ എറിഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലഖ്നൗവിൻ്റെ യുവ സ്പിന്നർ രവി ബിഷ്നോയ്. 177 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന കെ കെ ആറിന് വേണ്ടി 33 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ 67 റൺസ് റിങ്കു സിങ് അടിച്ചുകൂട്ടിയിരുന്നു. അവസാന ഓവറിൽ വിജയിക്കാൻ 21 റൺസ് വേണമെന്നിരിക്കെ 19 റൺസ് റിങ്കു സിങ് നേടിയിരുന്നു.

” മത്സരത്തിൽ വിജയച്ചതിൽ സന്തോഷമുണ്ട്. എനിക്ക് സംസാരിക്കുവാൻ പോലുമാകുന്നില്ല. റിങ്കു ബാറ്റ് ചെയ്ത രീതി !! മത്സരം കൈവിട്ടുപോകുമെന്ന ഭയത്തിലാണ് ഓരോ പന്തും ഞങ്ങൾ എറിഞ്ഞത്. ഈ സീസണിലെ അവൻ്റെ ബാറ്റിങ് അവിശ്വസനീയമാണ്. ഇങ്ങനെയൊരു ബാറ്റിങ് ഞാൻ കണ്ടിട്ടില്ല. ” രവി ബിഷ്നോയ് മത്സരശേഷം പറഞ്ഞു.