Skip to content

ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല : റിങ്കു സിങ്

ഈ ഐ പി എൽ രണ്ട് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സംബന്ധിച്ച് മോശം സീസണായിരുന്നു. സീസണിൽ പതിനാലിൽ 6 മത്സരങ്ങൾ മാത്രം വിജയിച്ച ടീമിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ടീമിൻ്റെ മോശം പ്രകടനത്തിനിടയിൽ തൻ്റെ പോരാട്ടവീര്യത്തിലൂടെ ടീമിൻ്റെ ഇന്ത്യൻ താരം റിങ്കു സിങ് ഏവരുടെയും ഹൃദയം കീഴടക്കിയിരുന്നു.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തുടർച്ചയായി അഞ്ച് സിക്സ് നേടികൊണ്ട് ടീമിനെ വിജയത്തിലേക്ക് നയിച്ച താരം സീസണിലെ അവസാന മത്സരത്തിലും ടീമിന് വേണ്ടി അവസാന പന്ത് വരെ പോരാടി. 14 മത്സരങ്ങളിൽ നിന്നും 59.25 ശരാശരിയിൽ 149.53 സ്ട്രൈക്ക് റേറ്റിൽ 474 റൺസ് ഈ സീസണിൽ റിങ്കു സിങ് നേടിയിട്ടുണ്ട്. എന്നാൽ ഈ പ്രകടനത്തിനിടയിലും ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

” ഇത്തരമൊരു മികച്ച സീസൺ ലഭിച്ചതിൽ സന്തോഷമുണ്ട്. പക്ഷെ ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷനെ പറ്റി ഞാൻ ചിന്തിക്കുന്നില്ല. ഇനി എനിക്ക് വീട്ടിലെത്തണം. എൻ്റെ പതിവ് പരിശീലനം പുനരാരംഭിക്കണം. ജിമ്മിൽ പോകണം. ഞാൻ എൻ്റെ ജോലി തുടരുകയാണ്. ” മത്സരശേഷം റിങ്കു സിങ് പറഞ്ഞു.

ഈ പ്രകടനത്തിൻ്റെ മികവിൽ റിങ്കു സിങ് ഇന്ത്യൻ ടീമിൽ ഇടം നേടുമോ എന്ന ആകാംക്ഷയിൽ തന്നെയാണ് ആരാധകരുള്ളത്. എന്നാൽ ഐ പി എല്ലിലെ ഈ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും താരത്തിന് തുടരുവാൻ സാധിക്കുമോയെന്ന് കണ്ടുതന്നെയറിയണം.