Skip to content

ഐ പി എല്ലിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. 14 മത്സരങ്ങളിൽ നിന്നും 48.07 ശരാശരിയിൽ 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 625 റൺസ് ജയ്സ്വാൾ നേടിയിട്ടുണ്ട്. സീസണിലെ ഈ പ്രകടനത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജയ്സ്വാൾ.

സീസണിൽ അഞ്ച് ഫിഫ്റ്റിയും ഒരു സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. ഈ തകർപ്പൻ പ്രകടനത്തോടെ ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അൺ ക്യാപഡ് പ്ലേയറെന്ന ചരിത്രറെക്കോർഡ് ജയ്സ്വാൾ സ്വന്തമാക്കി. പ്രഥമ ഐ പി എൽ സീസണിൽ 11 ഇന്നിങ്സിൽ നിന്നും 616 റൺസ് നേടിയ പഞ്ചാബിൻ്റെ ഓസ്ട്രേലിയൻ താരം ഷോൺ മാർഷിൻ്റെ റെക്കോർഡാണ് ജയ്സ്വാൾ തകർത്തത്. ഐ പി എല്ലിലെ ഈ പ്രകടനത്തിൻ്റെ മികവിലായിരുന്നു തൊട്ടടുത്ത മാസം ഷോൺ മാർഷ് ഓസ്ട്രേലിയക്കായി അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്.

സീസണിൽ ഓറഞ്ച് ക്യാപ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് യശസ്വി ജയ്സ്വാൾ ഉള്ളത്. 13 ഇന്നിങ്സിൽ നിന്നും 58.50 ശരാശരിയിൽ 702 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസാണ് ഒന്നാം സ്ഥാനത്തുള്ളത്.