Skip to content

നന്ദി ഹെറ്റ്മയർ ! പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി രാജസ്ഥാൻ റോയൽസ്

പഞ്ചാബ് കിങ്സിനെതിരായ നിർണ്ണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് വിജയം. ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു രാജസ്ഥാൻ്റെ വിജയം. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 188 റസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ റോയൽസ് മറികടന്നു.

മത്സരത്തിൽ വിജയിച്ചുവെങ്കിലും നെറ്റ് റൺ റേറ്റിൽ ആർ സീ ബിയെ പിന്നിലാക്കുവാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചില്ല. 18.3 ഓവറിൽ വിജയലക്ഷ്യം മറികടന്നിരുന്നെങ്കിൽ മാത്രമേ നെറ്റ് റൺറേറ്റിൽ ആർ സീ ബിയെ പിന്നിലാക്കുവാൻ റോയൽസിന് സാധിക്കുമായിരുന്നുള്ളൂ.

ക്യാപ്റ്റൻ സഞ്ജുവും ജോസ് ബട്ട്ലറും നിരാശപെടുത്തിയപ്പോൾ 36 പന്തിൽ 50 റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 30 പന്തിൽ 51 റൺസ് നേടിയ ദേവ്ദത് പടിക്കൽ, 28 പന്തിൽ 46 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ എന്നിവരാണ് ടീമിന് വേണ്ടി തിളങ്ങിയത്. പരാഗ് 12 പന്തിൽ 20 റൺസ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 31 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 49 റൺസ് നേടിയ സാം കറൻ, 28 പന്തിൽ 44 റൺസ് നേടിയ ജിതേഷ് ശർമ്മ, 23 പന്തിൽ 41 റൺസ് നേടിയ ഷാരൂഖ് ഖാൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

വിജയത്തോടെ പ്ലേയോഫ് പ്രതീക്ഷ കണക്കുകളിൽ നിലനിർത്താൻ രാജസ്ഥാൻ റോയൽസിന് സാധിച്ചു.