Skip to content

ഐ പി എല്ലിൽ ഇതാദ്യം ! ക്ലാസൻ – കോഹ്ലി സെഞ്ചുറിയിൽ പിറന്നത് അപൂർവ്വ റെക്കോർഡ്

സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തിൽ ആർ സീ ബിയ്‌ക്ക് വിജയം സമ്മാനിച്ചത്. കോഹ്ലിയും ക്ലാസനും സെഞ്ചുറി നേടിയതോടെ അപൂർവ്വ നേട്ടവും ഈ മത്സരം സ്വന്തമാക്കി.

49 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ ക്ലാസൻ 51 പന്തിൽ 8 ഫോറും 6 സിക്സുമടക്കം 104 റൺസ് നേടിയപ്പോൾ ഐ പി എല്ലിലെ തൻ്റെ ആറാം സെഞ്ചുറി നേടിയ കോഹ്ലി 63 പന്തിൽ 12 ഫോറും 4 സിക്സും ഉൾപ്പടെ 100 റൺസ് നേടിയിരുന്നു. ഐ പി എൽ ചരിത്രത്തിൽ ഇത് ആദ്യമായാണ് രണ്ട് ടീമുകളിലെ താരങ്ങൾ ഒരേ മത്സരത്തിൽ സെഞ്ചുറി നേടുന്നത്.

ഇതിന് മുൻപ് ഒരു മത്സരത്തിൽ രണ്ട് താരങ്ങൾ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും അതെല്ലാം ഒരേ ടീമിലെ താരങ്ങളായിരുന്നു. 2016 സീസണിൽ ഗുജറാത്തിനെതിരെ വിരാട് കോഹ്ലിയും എ ബി ഡിവില്ലിയേഴ്സും സെഞ്ചുറി നേടിയപ്പോൾ 2019 സീസണിൽ ആർ സീ ബിയ്ക്കെതിരെ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും സെഞ്ചുറി നേടിയിരുന്നു.