Skip to content

ഏകദിന റാങ്കിങിൽ കോഹ്ലിയെ പിന്നിലാക്കി അയർലൻഡ് താരം !!

ഐസിസി ഏകദിന റാങ്കിങിൽ കിങ് കോഹ്ലിയെയും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും പിന്നിലാക്കി അയർലൻഡ് താരം ഹാരി ടെക്ടർ. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെയാണ് വമ്പൻ കുതിച്ചുചാട്ടം താരം നടത്തിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 206 റൺസ് ടെക്ടർ അടിച്ചുകൂട്ടിയിരുന്നു. പരമ്പരയിലെ ലീഡിങ് റൺ സ്കോറർ കൂടിയായിരുന്നു ഈ താരം. ഇതോടെ ഐസിസി റാങ്കിങിൽ ഒമ്പത് സ്ഥാനങ്ങൾ മെച്ചപെടുത്തിയ ടെക്ടർ സ്റ്റീവ് സ്മിത്ത്, രോഹിത് ശർമ്മ, ഡീകോക്ക്, വിരാട് കോഹ്ലി എന്നിവരെ പിന്നിലാക്കികൊണ്ട് ഏഴാം സ്ഥാനത്തെത്തി. ഐസിസി ഏകദിന റാങ്കിങിലെ ഒരു ഐറിഷ് ബാറ്റ്സ്മാൻ്റെ ഏറ്റവും ഉയർന്ന റേറ്റിങ് കൂടിയാണിത്. നിലവിൽ 722 റേറ്റിങ് പോയിൻ്റ് താരത്തിനുണ്ട്.

പാക് ക്യാപ്റ്റൻ ബാബർ അസമാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള റാസി വാൻഡർ ഡസനേക്കാൾ നൂറിലധികം പോയിൻ്റ് ബാബറിനുണ്ട്. പാക് താരങ്ങളായ ഫഖർ സമാൻ, ഇമാം ഉൾ ഹഖ് എന്നിവരാണ് റാങ്കിങിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ശുഭ്മാൻ ഗില്ലാണ് റാങ്കിങിൽ മുൻപിലുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണറാണ് ആറാം സ്ഥാനത്തുള്ളത്.