Skip to content

ലിവിങ്സ്റ്റൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ! ഡൽഹിയ്ക്കെതിരെ പഞ്ചാബിന് തോൽവി

പഞ്ചാബ് കിംഗ്സിൻ്റെ പ്ലേയോഫ് സ്വപ്നങ്ങൾ തട്ടിതെറിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 15 റൺസിനായിരുന്നു പഞ്ചാബ് കിങ്സിൻ്റെ തോൽവി.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 214 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന പഞ്ചാബ് കിങ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. 48 പന്തിൽ 5 ഫോറും 9 സിക്സും അടക്കം 94 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൺ തിളങ്ങിയെങ്കിലും വേണ്ടത്ര പിന്തുണ നൽകുവാൻ മറ്റുള്ളവർക്ക് സാധിച്ചില്ല. അഥർവ ടൈഡ് 42 പന്തിൽ 55 റൺസ് നേടി.

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ആൻറിച്ച് നോർകിയ, ഇശാന്ത് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഖലീൽ അഹമ്മദ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 37 പന്തിൽ 6 ഫോറും 6 സിക്സും ഉൾപ്പടെ 82 റൺസ് നേടിയ റിലീ റൂസ്സോ, 38 പന്തിൽ 54 റൺസ് നേടിയ പൃഥ്വി ഷാ, 31 പന്തിൽ 46 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തുനിന്നും ഒമ്പതാം സ്ഥാനത്ത് എത്തുവാൻ ഡൽഹിയ്‌ക്ക് സാധിച്ചു.