Skip to content

വാങ്കഡെയിൽ സൂര്യ വിസ്മയം !! തകർപ്പൻ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ്

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി തകർത്താടി സൂര്യകുമാർ യാദവ്. സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിൻ്റെ പിൻബലത്തിൽ കൂറ്റൻ സ്കോർ മുംബൈ ഇന്ത്യൻസ് കുറിച്ചു.

മുംബൈ ഇന്നിങ്സിലെ അവസാന പന്തിൽ സിക്സ് പറത്തികൊണ്ടാണ് ഐ പി എല്ലിലെ തൻ്റെ കന്നി സെഞ്ചുറി സൂര്യകുമാർ യാദവ് നേടിയത്. 49 പന്തിൽ 11 ഫോറും 6 സിക്സും ഉൾപ്പടെ പുറത്താകാതെ 103 റൺസ് സൂര്യകുമാർ യാദവ് അടിച്ചുകൂട്ടി. താരത്തിൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് മുംബൈ ഇന്ത്യൻസ് നേടി.

ഇഷാൻ കിഷൻ 20 പന്തിൽ 31 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ 18 പന്തിൽ 29 റൺസും മലയാളി താരം വിഷ്ണു വിനോദ് 20 പന്തിൽ 30 റൺസും നേടി. നാലോവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ റാഷിദ് ഖാനാണ് ഗുജറാത്ത് ടൈറ്റൻസ് ബൗളർമാരിൽ തിളങ്ങിയത്.