Skip to content

രാജസ്ഥാനെ തോൽപ്പിച്ചത് സഞ്ജുവിൻ്റെ മണ്ടതരം !! രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിക്ക് പുറകെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. മത്സരത്തിലെ തോൽവിയ്ക്ക് കാരണം സഞ്ജുവിൻ്റെ മോശം ക്യാപ്റ്റൻസിയാണെന്നും കൈഫ് തുറന്നടിച്ചു.

മത്സരത്തിലെ അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിലാണ് സൺറൈസേഴ്സ് വിജയിച്ചത്. അവസാന രണ്ടോവറിൽ 41 റൺസ് വേണമെന്നിരിക്കെ കുൽദിപ് യാദവ് എറിഞ്ഞ പത്തൊമ്പതാം ഓവറായിരുന്നു മത്സരം മാറ്റിമറിച്ചത്. ആ ഓവറിൽ 24 റൺസ് സൺറൈസേഴ്സ് നേടിയിരുന്നു. ഇംപാക്ട് പ്ലേയറായി എത്തിയ ഒബെദ് മക്കോയ്ക്ക് ഓവർ നൽകാതെ കുൽദിപ് യാദവിന് നിർണായക ഓവർ നൽകിയതാണ് റോയൽസിൻ്റെ തോൽവിയ്ക്ക് കാരണമെന്ന് മൊഹമ്മദ് കൈഫ് തുറന്നടിച്ചു.

” എത്ര വിഡ്ഢിത്തവും ദയനീയവുമായിരുന്നു സഞ്ജുവിൻ്റെ ക്യാപ്റ്റൻസി. അവന് മനസ്സിൻ്റെ നിയന്ത്രണം നഷ്ടമായി ഓവർ കുൽദിപ് യാദവിന് നൽകി. ആ ഓവർ ഒബഡ് മക്കോയ്ക്കാണ് നൽകേണ്ടിയിരുന്നത്. ആ പിഴവ് മത്സരം സൺറൈസേഴ്സിന് അനുകൂലമാക്കി. ” മൊഹമ്മദ് കൈഫ് പറഞ്ഞു.

അവസാന ആറ് മത്സരങ്ങളിലെ രാജസ്ഥാൻ റോയൽസിൻ്റെ അഞ്ചാം തോൽവിയാണിത്. 11 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റ് മാത്രമാണ് രാജസ്ഥാൻ റോയൽസിനുള്ളത്. ഇനിയുള്ള മൂന്നിൽ മൂന്നിലും വിജയിച്ചാൽ മാത്രമേ റോയൽസിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കൂ.