Skip to content

മധുരപ്രതികാരം ! അർഷ്ദീപിനെ തിരഞ്ഞുപിടിച്ച് അടിച്ചൊതുക്കി മുംബൈ ഇന്ത്യൻസ്

പഞ്ചാബ് കിങ്സിനെ ഹോം ഗ്രൗണ്ടിൽ കേറിയടിച്ച് മധുരപ്രതികാരം വീട്ടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. സീസണിലെ ആദ്യ മത്സരത്തിൽ വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയിരുന്നു. അന്ന് മുംബൈയെ തകർത്തത് അർഷ്ദീപ് സിങിൻ്റെ തകർപ്പൻ പ്രകടനമായിരുന്നു. ആ അർഷ്ദീപിനെ അക്ഷരാർത്ഥത്തിൽ തിരഞ്ഞുപിടിച്ച് അടിച്ചൊതുക്കുകയായിരുന്നു മുംബൈ ഇന്ത്യൻസ്.

മത്സരത്തിൽ 3.5 ഓവറിൽ അർഷ്ദീപ് സിങിനെതിരെ 66 റൺസ് മുംബൈ ഇന്ത്യൻസ് അടിച്ചുകൂട്ടി. വാങ്കഡെയിൽ നടന്ന മത്സരത്തിൽ രണ്ട് തവണ സ്റ്റമ്പ് ഒടിച്ചുകൊണ്ടാണ് അർഷ്ദീപ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ഇതിൻ്റെ പേരിൽ മത്സരത്തിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ പഞ്ചാബ് മുംബൈ ഇന്ത്യൻസിനെ ട്രോളിയിരുന്നു.

ഓരോ മത്സരം കഴിയുന്തോറും മുംബൈ ഇന്ത്യൻസ് ശക്തമാകുന്ന കാഴ്ച്ചയാണ് കാണുന്നത്. സീസണിലെ അഞ്ചാം വിജയം കുറിച്ച മുംബൈ ഇന്ത്യൻസ് പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്ത് എത്തുകയും ചെയ്തു.

മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം 7 പന്തുകൾ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. 41 പന്തിൽ 75 റൺസ് നേടിയ ഇഷാൻ കിഷൻ, 31 പന്തിൽ 66 റൺസ് നേടിയ സൂര്യകുമാർ യാദവ്, 10 പന്തിൽ 26 റൺസ് നേടിയ തിലക് വർമ്മ, 10 പന്തിൽ 19 റൺസ് നേടിയ ടിം ഡേവിഡ് എന്നിവരാണ് മുംബൈയ്ക്കായി തിളങ്ങിയത്.