നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ലോ സ്കോറിങ് ത്രില്ലർ പോരാട്ടത്തിൽ 5 റൺസിനായിരുന്നു ഡൽഹിയുടെ വിജയം.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 126 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. അവസാന രണ്ടോവറിൽ 33 റൺസ് വേണമെന്നിരിക്കെ പ്രീമിയർ ബൗളർ നോർക്കിയക്കെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തികൊണ്ട് രാഹുൽ തെവാട്ടിയ ഗുജറാത്തിനെ വിജയത്തിനരികിൽ എത്തിച്ചിരുന്നു.
പിന്നീട് അവസാന ഓവറിൽ 12 റൺസ് വേണമെന്നിരിക്കെയാണ് ഇഷാന്ത് ശർമ്മ ബൗൾ ചെയ്യുവാനായി എത്തിയത്. ഫിഫ്റ്റി നേടിയ ഹാർദിക്ക് പാണ്ഡ്യയും മൂന്ന് സിക്സ് പറത്തിയ രാഹുൽ തെവാട്ടിയയും ക്രീസിലുണ്ടായിരുന്നുവെങ്കിലും ഓവറിൽ 6 റൺസ് മാത്രം വിട്ടുകൊടുത്ത് ഇഷാന്ത് ശർമ്മ ടീമിനെ വിജയത്തിലേക്ക് നയിച്ചു. കൂടാതെ നാലാം പന്തിൽ രാഹുൽ തെവാട്ടിയയെ താരം പുറത്താക്കുകയും ചെയ്തു. ഇഷാന്ത് ശർമ്മ നാലോവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ് 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിനെ നാലോവറിൽ 11 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമി തുടക്കത്തിൽ തകർത്തുവെങ്കിലും 44 പന്തിൽ 59 റൺസ് നേടിയ അമാൻ ഖാൻ ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു.