ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ റദ്ദാക്കിയേക്കുമെന്ന് റിപോർട്ടുകൾ. പാക് ക്രിക്കറ്റ് ബോർഡുമായുള്ള തർക്കങ്ങളെ തുടർന്നാണ് ഈ വർഷത്തെ ഏഷ്യ കപ്പ് എ സി സി വേണ്ടെന്ന് വെയ്ക്കുവാൻ ഒരുങ്ങുന്നത്.
റിപ്പോർട്ടുകൾ പ്രകാരം യാതൊരു വിധ വിട്ടുവീഴ്ച്ചയ്ക്കും ബിസിസിഐയും പാക് ക്രിക്കറ്റ് ബോർഡും തയ്യാറാകുന്നില്ല. പാകിസ്ഥാനിലേക്ക് ഒരു കാരണവശാലും യാത്ര ചെയ്യില്ലെന്ന് ഇന്ത്യ അറിയിച്ചുകഴിഞ്ഞു. സാമ്പത്തികമായി വലിയ തിരിച്ചടി ഉണ്ടാകുമെങ്കിലും ഏഷ്യ കപ്പ് പാകിസ്ഥാനിൽ തന്നെ നടത്തണമെന്ന വാശിയിലാണ് പാകിസ്ഥാൻ ഉള്ളത്. ഇന്ത്യ ഇല്ലാതെ ടൂർണമെൻ്റ് നടത്തുകയെന്നത് ഒരിക്കലും പ്രായോഗികമല്ല. ഇന്ത്യയില്ലെങ്കിൽ ലാഭം കുറയുമെന്ന് മാത്രമല്ല ഭീമമായ നഷ്ടവും ഉണ്ടായേക്കും.
എന്നാൽ ഇതിനിടെ അഞ്ച് രാജ്യങ്ങൾ പങ്കെടുക്കുന്ന മറ്റൊരു ടൂർണമെൻ്റിന് ബിസിസിഐ പദ്ധതിയിടുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഏഷ്യ കപ്പ് റദ്ദാക്കുകയാണെങ്കിൽ ആ വിൻഡോയിൽ ഈ ടൂർണമെൻ്റ് നടതുവാനാണ് ബിസിസിഐയുടെ പ്ലാൻ. ഏഷ്യ കപ്പ് വേദി നിർണയിക്കാൻ മറ്റു രാജ്യങ്ങളുടെ അഭിപ്രായത്തിന് വേണ്ടി കാത്തുനിൽക്കുകയാണെന്നായിരുന്നു എ സി സി പ്രസിഡൻ്റ് ജയ് ഷാ രണ്ടാഴ്ചകൾക്ക് മുൻപ് പ്രതികരിച്ചത്. ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിലും അന്തിമ തീരുമാനം ആയിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞിരുന്നു.