Skip to content

ടിം ഡേവിഡ് ദി ഹീറോ ! രാജസ്ഥാനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി മുംബൈ ഇന്ത്യൻസ്. ടിം ഡേവിഡിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് അവസാന ഓവറിലെ ഗംഭീര വിജയം മുംബൈ ഇന്ത്യൻസ് കുറിച്ചത് m

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 213 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. അവസാന ഓവറിൽ 17 റൺസ് വേണമെന്നിരിക്കെ തുടർച്ചയായി മൂന്ന് സിക്സ് പറത്തി ടിം ഡേവിഡാണ് മുംബൈ ഇന്ത്യൻസിനെ വിജയത്തിൽ എത്തിച്ചത്.

213 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കത്തിൽ തന്നെ 3 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ നഷ്ടപെട്ടിരുന്നു. 23 പന്തിൽ 28 റൺസ് മാത്രം നേടികൊണ്ട് ഇഷാൻ കിഷൻ വീണ്ടും നിരാശപെടുത്തിയപ്പോൾ 26 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പടെ 44 റൺസ് നേടിയ കാമറോൺ ഗ്രീനാണ് മുംബൈ ഇന്ത്യൻസിൻ്റെ റൺചേസിന് ഊർജം പകർന്നത്.

ഗ്രീൻ പുറത്തായ ശേഷം നിയന്ത്രണം ഏറ്റെടുത്ത സൂര്യകുമാർ യാദവും തകർത്തടിച്ചതോടെ റോയൽസ് മത്സരത്തിൽ സമ്മർദ്ദത്തിലായി. 29 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പടെ 55 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. പിന്നീട് 14 പന്തിൽ 45 റൺസ് നേടിയ ടിം ഡേവിഡാണ് മുംബൈ ഇന്ത്യൻസിനെ വിജയത്തിലേക്ക് നയിച്ചത്. 29 റൺസ് നേടിയ തിലക് വർമ്മ മികച്ച പിന്തുണ നൽകി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 62 പന്തിൽ 16 ഫോറും 8 സിക്സും ഉൾപ്പടെ 124 റൺസ് നേടി ഒറ്റയാൾ പോരാട്ടം നടത്തിയ ഓപ്പണർ യശസ്വി ജയ്സ്വാളിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 18 റൺസ് നേടിയ ജോസ് ബട്ട്ലറാണ് ടീമിലെ രണ്ടാമത്തെ ടോപ്പ് സ്കോറർ.

മെയ് മൂന്നിന് പഞ്ചാബ് കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം. മെയ് അഞ്ചിന് ഗുജറാത്ത് ടൈറ്റൻസുമായാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം.