Skip to content

ഐ പി എല്ലിലെ 12 വർഷം നീണ്ട റെക്കോർഡ് തകർത്ത് ജയ്സ്വാൾ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗംഭീര സെഞ്ചുറി നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാൾ. മറ്റുള്ളവർ നിറംമങ്ങിയ മത്സരത്തിൽ അക്ഷരാർത്ഥത്തിൽ ഒറ്റയാൾ പോരാട്ടമായിരുന്നു യുവതാരം നടത്തിയത്. തകർപ്പൻ സെഞ്ചുറിയോടെ ഐ പി എല്ലിൽ 12 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തിരിക്കുകയാണ് യുവതാരം.

വെറും 53 പന്തിൽ നിന്നുമാണ് തൻ്റെ കന്നി സെഞ്ചുറി ജയ്സ്വാൾ പൂർത്തിയാക്കിയത്. 62 പന്തിൽ 16 ഫോറും 8 ഫോറും ഉൾപ്പടെ 124 റൺസ് നേടിയാണ് ജയ്സ്വാൾ പുറത്തായത്. ഐ പി എൽ ചരിത്രത്തിലെ ഒരു അൺ ക്യാപഡ് പ്ലേയറുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.

2011 ഐ പി എൽ സീസണിൽ മൊഹാലിയിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പുറത്താകാതെ 120 റൺസ് നേടിയ പോൾ വാൾതാട്ടിയുടെ റെക്കോർഡാണ് ജയ്സ്വാൾ തകർത്തിരിക്കുന്നത്. പ്രഥമ ഐ പി എൽ സീസണിൽ പഞ്ചാബിനായി തന്നെ രാജസ്ഥാനെതിരെ 115 റൺസ് നേടിയ ഷോൺ മാർഷ്, 2009 സീസണിൽ ഡെക്കാൻ ചാർജേഴ്സിനെതിരെ 114 റൺസ് നേടിയ മനീഷ് പാണ്ഡെ എന്നിവരാണ് ഈ റെക്കോർഡിൽ മൂന്നാമതും നാലാമതുമുള്ളത്.