മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി രാജസ്ഥാൻ റോയൽസിൻ്റെ യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. ഐ പി എൽ കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് ജയ്സ്വാൾ മത്സരത്തിൽ നേടിയിരിക്കുന്നത്.
വെറും 53 പന്തിൽ നിന്നുമാണ് ജയ്സ്വാൾ സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിൽ 62 പന്തിൽ 16 ഫോറും 8 സിക്സും ഉൾപ്പടെ 124 റൺസ് അടിച്ചുകൂട്ടിയാണ് താരം പുറത്തായത്. ജയ്സ്വാളിൻ്റെ സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി.
ജയ്സ്വാൾ ഒഴിച്ചുനിർത്തിയാൽ മറ്റാർക്കും തന്നെ റോയൽസിന് വേണ്ടി മികവ് പുലർത്താൻ സാധിച്ചില്ല. 19 പന്തിൽ 18 റൺസ് നേടിയ ജോസ് ബട്ട്ലറാണ് ടീമിലെ രണ്ടാമത്തെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 10 പന്തിൽ 14 റൺസ് നേടി പുറത്തായി. മുബൈ ഇന്ത്യൻസിന് വേണ്ടി അർഷാദ് ഖാൻ മൂന്ന് വിക്കറ്റും പിയൂഷ് ചൗള രണ്ട് വിക്കറ്റും നേടി.