Skip to content

അന്താരാഷ്ട്ര ക്രിക്കറ്റ് അപകടത്തിൽ ! കളിക്കാർക്ക് വമ്പൻ ഓഫറുമായി ഐ പി എൽ ടീമുകൾ

അന്താരാഷ്ട്ര ക്രിക്കറ്റിന് വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങളുമായി പ്രധാന ഐ പി എൽ ടീമുകൾ. റിപ്പോർട്ടുകൾ പ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പിന്മാറി ടി20 ലീഗുകളിൽ തങ്ങളുടെ ടീമുകൾക്ക് വേണ്ടി കളിക്കാൻ പ്രധാന വിദേശ താരങ്ങൾക്ക് വമ്പൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ പി എൽ ടീമുകൾ.

ഇത് സംബന്ധിച്ച് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിലെ താരങ്ങളുമായി ഐ പി എൽ ഉടമകൾ ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾ വിജയിക്കുകയാണെങ്കിൽ ഭാവിയിൽ ക്രിക്കറ്റ് താരങ്ങളുടെ തൊഴിലുടമകൾ ഐ പി എൽ ടീമുകളായി മാറും. റിപ്പോർട്ടുകൾ പ്രകാരം ഐ പി എല്ലിലും മറ്റു ലീഗുകളിലും തങ്ങളുടെ ടീമുകൾക്ക് വേണ്ടി കളിക്കുവാൻ 50 കോടിയുടെ ഓഫറാണ് ടീമുകൾ മുൻപോട്ട് വെയ്ക്കുന്നത്. സൗദി പുതിയ ലീഗ് ആരംഭിക്കുന്നത് കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് ഐ പി എൽ ടീമുകളുടെ ഈ നീക്കം.

നിലവിൽ ഐ പി എല്ലിന് പോലും പ്രത്യേക വിൻഡോ ഐസിസി അനുവദിക്കുന്നില്ല. എന്നാൽ ഭാവിയിൽ ടി20 ലീഗുകൾക്ക് മുൻപിൽ ഐസിസിയ്ക്കും മറ്റും കടുംപിടുത്തം അവസാനിപ്പിക്കേണ്ടിവരും. അങ്ങനെയെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ പരമ്പരകൾ വെട്ടിചുരുക്കുകയും ലോകകപ്പ് അടക്കമുളള ടൂർണമെൻ്റുകൾ മാത്രമായി അന്താരാഷ്ട്ര ക്രിക്കറ്റ് ചുരുക്കേണ്ടിവരും. ക്രിക്കറ്റ് ഭാവിയ്ക്ക് ഇതാണ് നല്ലതെന്ന് ഒരുകൂട്ടർ അഭിപ്രായപെടുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൻ്റെയും ആഭ്യന്തര ക്രിക്കറ്റിൻ്റെയും ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ് മറ്റൊരു കൂട്ടം ആരാധകർ.