Skip to content

രാജസ്ഥാൻ റോയൽസിന് വീണ്ടും അടിതെറ്റി ! തകർപ്പൻ വിജയവുമായി ആർ സീ ബി

ഐ പി എൽ സീസണിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 7 റൺസിനായിരുന്നു റോയൽസിൻ്റെ തോൽവി.

മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ 182 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

190 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ ജോസ് ബട്ട്ലറെ നഷ്ടപെട്ടിരുന്നു. എന്നാൽ തക്കസമയത്ത് ഫോമായ ജയ്സ്വാളും ദേവ്ദത് പടിക്കലും റോയൽസിനെ മത്സരത്തിൽ തിരിച്ചെത്തിച്ചു. രണ്ടാം വിക്കറ്റിൽ 98 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ജയ്സ്വാൾ 37 പന്തിൽ 47 റൺസ് നേടിയപ്പോൾ ദേവ്ദത് പടിക്കൽ 34 പന്തിൽ 52 റൺസ് നേടി. സഞ്ജു സാംസൺ 15 പന്തിൽ 25 റൺസ് നേടി പുറത്തായപ്പോൾ ഷിംറോൺ ഹെറ്റ്മയറിന് 9 പന്തിൽ 3 റൺസ് നേടുവാനെ സാധിച്ചുള്ളൂ. 15 പന്തിൽ 34 റൺസ് നേടിയ ധ്രുവ് ജൂറലും 6 പന്തിൽ 12 റൺസും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 39 പന്തിൽ 62 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ്, 44 പന്തിൽ 77 റൺസ് നേടിയ ഗ്ലെൻ മാക്സ്വെൽ എന്നിവരുടെ മികവിലാണ് 20 ഓവറിൽ 189 റൺസ് നേടിയത്.

രാജസ്ഥാൻ റോയൽസിന് വേണ്ടി ട്രെൻഡ് ബോൾട്ട്, സന്ദീപ് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതവും അശ്വിൻ, ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.