Skip to content

മീഡിയ റൈറ്റ്സിൽ ബിസിസിഐയ്‌ക്ക് തിരിച്ചടി ! കാരണക്കാർ രോഹിത് ശർമ്മയും കോഹ്ലിയും

വരാനിരിക്കുന്ന മീഡിയ റൈറ്റ്സ് വിൽപ്പനയിൽ ബിസിസിഐയ്‌ക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ഹോം മത്സരങ്ങളുടെ റൈറ്റ്സ് വിൽപ്പനയിലൂടെ 12000 കോടിയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. എന്നാൽ പ്രതീക്ഷിച്ച പോലെ 12000 കോടിയിലേക്ക് റൈറ്റ്സ് പോകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐ പി എല്ലിന് ശേഷം ബിസിസിഐയുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗമാണ് ഹോം മത്സരങ്ങളുടെ മീഡിയ റൈറ്റ്സ്. ഡിസ്നി സ്റ്റാറുമായുള്ള കരാർ അവസാനിക്കുന്നതിനാലാണ് മീഡിയ റൈറ്റ്സ് വിൽപ്പനയ്ക്കായി ബിസിസിഐ തയ്യാറെടുക്കുന്നത്. 20 ടെസ്റ്റ് മത്സരങ്ങളും 21 ഏകദിനങ്ങളും 31 ടി20 മത്സരങ്ങളുമാണ് അടുത്ത നാല് വർഷം ഇന്ത്യ ഹോമിൽ കളിക്കുന്നത്.

രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തന്നെയാകും റൈറ്റ്സിൻ്റെ മൂല്യം നിർണയിക്കുന്നതിൽ പ്രധാന ഘടകം. ഇരുവരും ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം മൂന്ന് ഫോർമാറ്റിലും കളിക്കുമോ എന്ന കാര്യം തീർച്ചയായിട്ടില്ല. ഇനി 2024 ലെ ടി20 ലോകകപ്പിലും ഇരുവരും കളിച്ചാലും അതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച പോലെ റൈറ്റ്സ് വിൽപ്പന 10000 കോടിയ്‌ക്ക് മുകളിലേക്ക് പോളില്ലെന്നാണ് വിദഗ്ദർ ചൂണ്ടികാണിക്കുന്നത്.

2018 ൽ 6138 കോടിയ്ക്കാണ് സ്റ്റാർ റൈറ്റ്സ് സ്വന്തമാക്കിയത്. സ്റ്റാറിനൊപ്പം വയാകോം, സോണി എന്നീ വമ്പന്മാരാണ് റൈറ്റ്സ് സ്വന്തമാക്കുവാൻ മുൻപന്തിയിലുള്ളത്. നേരത്തെ ഐസിസി റൈറ്റ്സ് 3 ബില്യൺ ഡോളറിന് സ്വന്തമാക്കിയ ഡിസ്നി സ്റ്റാർ ടെലിവിഷൻ റൈറ്റ്സ് സോണി സീയ്‌ക്ക് കൈമാറിയിരുന്നു.