Skip to content

ഐ പി എൽ തിരിച്ചുവരവ് ഗംഭീരമാക്കി ഇഷാന്ത് ശർമ്മ

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തൻ്റെ ഐ പി എൽ തിരിച്ചുവരവിൽ തകർപ്പൻ പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസിൻ്റെ സീനിയർ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് മികച്ച പ്രകടനം ഇഷാന്ത് ശർമ്മ പുറത്തെടുത്തത്.

ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ ഇഷാന്ത് ശർമ്മ നേടി. കെ കെ ആർ ക്യാപ്റ്റൻ നിതീഷ് റാണ, സുനിൽ നരെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് ഇഷാന്ത് ശർമ്മ വീഴ്ത്തിയത്.

ഇതിന് മുൻപ് 2021 സീസണിലാണ് ഇഷാന്ത് ശർമ്മ ഐ പി എല്ലിൽ കളിച്ചിരുന്നത്. ഇഷാന്ത് മാത്രമല്ല മറ്റു ഡൽഹി ബൗളർമാരും തകർപ്പൻ പ്രകടനം മത്സരത്തിൽ കാഴ്ച്ചവെച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 20 ഓവറിൽ 127 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 30 പന്തിൽ 37 റൺസ് നേടിയ ആന്ദ്രേ റസ്സലും 43 റൺസ് നേടിയ ജേസൺ റോയും മാത്രമാണ് കെ കെ ആറിന് വേണ്ടി തിളങ്ങിയത്. ഡൽഹി ക്യാപിറ്റൽസിനായി ഇഷാന്ത് ശർമ്മ, ആൻ്റിച് നോർകിയ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.