Skip to content

ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്.

മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം സമ്മാനിച്ചുകൊണ്ട് 18 പന്തിൽ 28 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ 6000 റൺസും രോഹിത് ശർമ്മ പൂർത്തിയാക്കി. ഐ പി എല്ലിൽ ഈ നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ ബാറ്റ്സ്മാനും മൂന്നാമത്തെ ഇന്ത്യൻ താരവും കൂടിയാണ് രോഹിത് ശർമ്മ.

വിരാട് കോഹ്ലി, ശിഖാർ ധവാൻ, ഡേവിഡ് വാർണർ എന്നിവരാണ് ഇതിന് മുൻപ് ഐ പി എല്ലിൽ 6000 റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ. ഐ പി എല്ലിൽ ഇതുവരെ 227 ഇന്നിങ്സിൽ നിന്നും 41 ഫിഫ്റ്റിയും ഒരു സെഞ്ചുറിയും അടക്കം 6014 റൺസ് ഹിറ്റ്മാൻ നേടിയിട്ടുണ്ട്.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ സൺറൈസേഴ്സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നാല് മത്സരങ്ങളിൽ രണ്ട് വീതം വിജയം നേടിയ ഇരുടീമുകളും പോയിൻ്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. ഇന്ന് വിജയിക്കുന്ന ടീമിന് പോയിൻ്റ് ടേബിളിൽ ആർ സീ ബിയെയും കെ കെ ആറിനെയും പിന്നിലാക്കാൻ സാധിക്കും.