Skip to content

കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി സി എസ് കെ – ആർ സീ ബി പോരാട്ടം

ഐ പി എൽ 2023 സീസണിൽ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ചെന്നൈ സൂപ്പർ കിങ്സ് – റോയൽ ചലഞ്ചേഴ്സ് മത്സരം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഈ സതേൺ ഡെർബി പോരാട്ടത്തിൽ ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്സായിരുന്നു വിജയിച്ചത്.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ എം എസ് ധോണിയും വിരാട് കോഹ്ലിയും ഒരുമിച്ച് ഒരിക്കൽ കൂടെ കളിക്കളത്തിൽ എത്തിയപ്പോൾ സീസണിലെ വ്യൂവർഷിപ്പ് റെക്കോർഡുകൾ കടപുഴകി. ഐ പി എൽ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയ ജിയോസിനിമയിൽ മത്സരത്തിൻ്റെ പീക്ക് വ്യൂവർഷിപ്പ് 2.4 കോടി പിന്നിട്ടിരുന്നു. ഈ സീസണിലെ ഏറ്റവും ഉയർന്ന പീക്ക് വ്യൂവർഷിപ്പാണിത്. ആർ സീ ബി ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു ഇത്രയും വ്യൂവർഷിപ്പ് രേഖപെടുത്തിയത്.

നേരത്തെ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ പീക്ക് വ്യൂവർഷിപ്പ് 2.2 കോടിയിൽ എത്തിയിരുന്നു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് വലിയ കുതിച്ചുചാട്ടമാണ് ഡിജിറ്റൽ കാഴ്ച്ചക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിലെ പീക്ക് വ്യൂവർഷിപ്പ് 1.8 കോടിയായിരുന്നു. 2019 സീസണിലെ ഫൈനലിലായിരുന്നു ഇത്രയും വ്യൂവർഷിപ്പ് രേഖപെടുത്തിയത്.