Skip to content

ആവേശം അവസാന ഓവർ വരെ ! ത്രസിപ്പിക്കുന്ന വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എൽ സതേൺ ഡെർബി പോരാട്ടത്തിൽ റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ത്രസിപ്പിക്കുന്ന വിജയം. ആർ സീ ബിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 8 റൺസിനായിരുന്നു ചെന്നൈ സൂപ്പർ കിങ്സിൻ്റെ വിജയം.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 227 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആർ സീ ബിയ്‌ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടുവാനെ സാധിച്ചുള്ളൂ. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തുഷാർ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റും പതിരാന രണ്ട് വിക്കറ്റും നേടി.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തിൽ തന്നെ മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയെയും മഹിപാൽ ലോംററെയും നഷ്ടപെട്ടിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന മാക്സ്വെല്ലും ഫാഫ് ഡുപ്ലെസിസും തകർത്തടിച്ചതോടെയാണ് മത്സരത്തിൽ ആർ സീ ബി തിരിച്ചെത്തിയത്.

മാക്സ്വെൽ 36 പന്തിൽ 3 ഫോറും 8 സിക്സും ഉൾപ്പടെ 76 റൺസ് നേടിയപ്പോൾ ഡുപ്ലെസിസ് 33 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പടെ 62 റൺസ് നേടി. എന്നാൽ ഇരുവരും പുറത്തായതോടെ ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിലേക്ക് തിരിച്ചെത്തി. 14 പന്തിൽ 28 റൺസ് നേടി ദിനേശ് കാർത്തിക് തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 45 പന്തിൽ 6 ഫോറും 6 സിക്സും അടക്കം 83 റൺസ് നേടിയ ഡെവൻ കോൺവെ, 27 പന്തിൽ 2 ഫോറും 5 സിക്സും ഉൾപ്പടെ 52 റൺസ് നേടിയ ശിവം ദുബെ, 20 പന്തിൽ 37 റൺസ് നേടിയ അജിങ്ക്യ രഹാനെ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.

ഏപ്രിൽ 20 ന് പഞ്ചാബ് കിങ്സിനെതിരെയാണ് റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിൻ്റെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം.