ക്രിസ് ഗെയ്ലിന് ശേഷം ഇതാദ്യം ! റെക്കോർഡുകൾ വാരികൂട്ടി സഞ്ജു സാംസൺ

തുടർച്ചയായ രണ്ട് ഡക്കുകൾ എതിരാളികൾ ആഘോഷമാക്കിയപ്പോൾ അതിശക്തമായ തിരിച്ചുവരവ് നടത്തി എതിരാളികളുടെ വായടപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തുടക്കത്തിൽ തകർന്ന ടീമിനെ തകർപ്പൻ ഫിഫ്റ്റി നേടികൊണ്ടാണ് സഞ്ജു വിജയത്തിലേക്ക് നയിച്ചത്. ഈ പ്രകടനത്തോടെ നിരവധി റെക്കോർഡുകളും സഞ്ജു സാംസൺ സ്വന്തം പേരിൽ കുറിച്ചു.

29 പന്തിൽ ഫിഫ്റ്റി നേടിയ സഞ്ജു 32 പന്തിൽ 3 ഫോറും 6 സിക്സും അടക്കം 60 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ പതിമൂന്നാം ഓവറിൽ റാഷിദ് ഖാനെതിരെ മൂന്ന് പന്തിൽ തുടർച്ചയായി സഞ്ജു സിക്സ് പറത്തിയതോടെയാണ് റോയൽസ് തിരിച്ചെത്തിയത്. ഐ പി എല്ലിൽ റാഷിദ് ഖാനെതിരെ തുടർച്ചയായി മൂന്ന് സിക്സ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനും ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനുമാണ് സഞ്ജു സാംസൺ.

ഇതിന് മുൻപ് ക്രിസ് ഗെയ്ലാണ് റാഷിദ് ഖാനെതിരെ തുടർച്ചയായി മൂന്നിൽ കൂടൂതൽ സിക്സ് നേടിയിട്ടുള്ളത്. പഞ്ചാബിന് വേണ്ടി കളിക്കവെയാണ് റാഷിദിനെതിരെ തുടർച്ചയായി മൂന്നല്ല നാല് സിക്സ് ഗെയ്ൽ നേടിയത്. ഐ പി എല്ലിൽ റാഷിദ് ഖാനെതിരെ ഏറ്റവും ഉയർന്ന ശരാശരിയുള്ള ബാറ്റ്സ്മാൻ കൂടിയാണ് സഞ്ജു സാംസൺ.

മത്സരത്തിലെ ഫിഫ്റ്റിയോടെ രാജസ്ഥാൻ റോയൽസിന് വേണ്ടി 3000 റൺസും സഞ്ജു സാംസൺ പൂർത്തിയാക്കി. ലീഗിൽ 3000 റൺസ് പൂർത്തിയാക്കുന്ന ആദ്യ രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻ കൂടിയാണ് സഞ്ജു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top