Skip to content

പതിവ് മുടക്കാതെ ഡൽഹി !! ഏറ്റുവാങ്ങിയത് തുടർച്ചയായ അഞ്ചാം തോൽവി

ഐ പി എൽ 2023 സീസണിൽ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി ഡൽഹി ക്യാപിറ്റൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 23 റൺസിനായിരുന്നു ഡൽഹിയുടെ തോൽവി. മറുഭാഗത്ത് വിജയവഴിയിൽ തിരിച്ചെത്തിയ ആർ സീ ബി സീസണിലെ രണ്ടാം വിജയമാണ് നേടിയിരിക്കുന്നത്.

മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 175 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടാനെ സാധിച്ചുള്ളൂ.

38 പന്തിൽ 50 റൺസ് നേടിയ മനീഷ് പാണ്ഡെ മാത്രമാണ് ഡൽഹി ക്യാപിറ്റൽസ് നിരയിൽ തിളങ്ങിയത്. മറ്റാർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. ആർ സീ ബിയ്‌ക്ക് വേണ്ടി അരങ്ങേറ്റക്കാരൻ വിജയകുമാർ വൈശാഖ് നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ സീ ബി 34 പന്തിൽ 6 ഫോറും ഒരു സിക്സും അടക്കം 50 റൺസ് നേടിയ വിരാട് കോഹ്ലിയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഗ്ലെൻ മാക്സ്‌വെൽ 14 പന്തിൽ 24 റൺസും ലോംറർ 26 റൺസും നേടി.

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കുൽദീപ് യാദവ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മറ്റന്നാൾ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ആർ സീ ബിയുടെ അടുത്ത മത്സരം. ഏപ്രിൽ 20 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ അടുത്ത മത്സരം.