Skip to content

അന്ന് വോണിന് കീഴിൽ ഇപ്പോൾ സഞ്ജുവിന് കീഴിൽ !! റോയൽസ് നേടിയത് സ്പെഷ്യൽ വിജയം

അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സി എസ് കെയുടെ തട്ടകമായ ചെപ്പോക്കിൽ രാജസ്ഥാൻ റോയൽസ് കുറിച്ചിരിക്കുന്നത് സ്പെഷ്യൽ വിജയം കൂടിയാണ്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 176 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. പ്രഥമ ഐ പി എൽ സീസണിന് ശേഷം ഇതാദ്യമായാണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസ് വിജയം നേടുന്നത്. ഇതിന് മുൻപ് 2008 സീസണിൽ ഇതിഹാസ താരം ഷെയ്ൻ വോണിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് ചേപ്പൊക്കിൽ വിജയം കുറിച്ചത്.

അതിന് ശേഷം ഇവിടെ കളിച്ച 6 മത്സരങ്ങളിലും ചെന്നൈ സൂപ്പർ കിങ്സിനോട് രാജസ്ഥാൻ റോയൽസ് പരാജയപെട്ടിരുന്നു. എന്നാൽ 15 സീസണുകൾക്ക് മലയാളി ക്യാപ്റ്റന് കീഴിലെത്തി ആ നാണക്കേട് അവസാനിപ്പിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.

2013 ന് ശേഷം ചെപ്പോക്കിൽ സി എസ് കെയെ പരാജയപെടുത്തുന്ന മൂന്നാമത്തെ ടീമാണ് രാജസ്ഥാൻ റോയൽസ്. ഇതിന് മുൻപ് പൂനെ വാരിയേഴ്സ് ഇന്ത്യയും മുംബൈ ഇന്ത്യൻസും മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപെടുത്തിയിട്ടുള്ളത്. പൂനെ ഒരു വിജയം 2013 സീസണിൽ നേടിയപ്പോൾ അഞ്ച് തവണ മുംബൈ ഇന്ത്യൻസ് സി എസ് കെയെ ചെപ്പോക്കിൽ പരാജയപെടുത്തി.