Skip to content

ധോണിയ്‌ക്ക് മുൻപിൽ പതറിയില്ല ! റോയൽസിൻ്റെ ഹീറോയായി സന്ദീപ് ശർമ്മ

വീണ്ടും മറ്റൊരു ലാസ്റ്റ് ബോൾ ത്രില്ലർ പോരാട്ടത്തിന് കൂടെ സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഐ പി എൽ. എന്നാൽ ഇക്കുറി വിജയം ബൗളർക്കൊപ്പമായിരുന്നു. സാക്ഷാൽ എം എസ് ധോണിയ്‌ക്ക് മുൻപിൽ പതറാതെ കൃത്യമായ യോർക്കറുകളിലൂടെ സന്ദീപ് ശർമ്മയാണ് റോയൽസിനെ വിജയത്തിൽ എത്തിച്ചത്.

അവസാന ഓവറിൽ വിജയിക്കാൻ 21 റൺസായിരുന്നു ചെന്നൈയ്‌ക്ക് വേണ്ടിയിരുന്നത്. സന്ദീപ് ശർമ്മ എറിഞ്ഞ ആദ്യ രണ്ട് പന്തും വൈഡായതോടെയാണ് ഓവറിലെ വിജയലക്ഷ്യം 19 റൺസായി. പിന്നീട് എറിഞ്ഞ പന്തിൽ റൺസൊന്നും നേടാൻ ധോണിക്ക് സാധിച്ചില്ല. എന്നാൽ രണ്ടാം പന്തിലും മൂന്നാം പന്തിലും തുടർച്ചയായി സിക്സ് നേടികൊണ്ട് ധോണി സന്ദീപ് ശർമ്മയെ സമ്മർദ്ദത്തിലാക്കി. പിന്നീട് മൂന്ന് പന്തിൽ 7 റൺസ് മാത്രമായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്.

രാജസ്ഥാൻ റോയൽസ് തോൽവി മണത്തുവെങ്കിലും പിന്നീട് ഗംഭീര തിരിച്ചുവരവാണ് സന്ദീപ് ശർമ്മ നടത്തിയത്. ഓവറിലെ അവസാന മൂന്ന് പന്തിലും സിംഗിൾ നേടുവാൻ മാത്രമാണ് ധോണിയ്ക്കും ജഡേജയ്ക്കും സാധിച്ചത്. അവസാന പന്തിൽ 5 റൺസ് വേണം എന്നിരിക്കെ ഗംഭീര യോർക്കറിലൂടെ താരം രാജസ്ഥാൻ റോയൽസിന് വിജയം സമ്മാനിച്ചു.

റോയൽസ് ഉയർത്തിയ 176 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത 20 ഓവറിൽ 172 റൺസ് നേടാനാണ് സാധിച്ചത്. റോയൽസിൻ്റെ സീസണിലെ മൂന്നാം വിജയമാണിത്. വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.