Skip to content

വീണ്ടും ത്രില്ലർ ! അവസാന പന്തിൽ ആവേശവിജയവുമായി മുംബൈ ഇന്ത്യൻസ്

ഐ പി എൽ 2023 സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ വിജയം.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു.

മികച്ച തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് മുംബൈ ഇന്ത്യൻസിന് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 71 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഇഷാൻ കിഷൻ 26 പന്തിൽ 31 റൺസ് നേടി പുറത്തായപ്പോൾ ഫിഫ്റ്റി നേടി മികവ് പുലർത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മ 45 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ 65 റൺസ് നേടി. തിലക് വർമ്മ 29 പന്തിൽ 41 റൺസ് നേടിയപ്പോൾ സൂര്യകുമാർ യാദവ് വീണ്ടും ഗോൾഡൻ ഡക്കായി.

അവസാന ഓവറുകളിൽ തുടർച്ചയായ വിക്കറ്റുകൾ ഡൽഹി നേടിയെങ്കിലും 11 പന്തിൽ 13 റൺസ് നേടിയ ടിം ഡേവിഡും 8 പന്തിൽ 17 നേടിയ കാമറോൺ ഗ്രീനും ചേർന്ന് മുംബൈ ഇന്ത്യൻസിനെ വിജയത്തിലെത്തിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 25 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പടെ 54 റൺസ് നേടിയ അക്ഷർ പട്ടേലിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ക്യാപ്റ്റൻ ഡേവിഡ് വാർണർ 47 പന്തിൽ 51 റൺസ് നേടി.

നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ പിയൂഷ് ചൗളയാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി മികവ് പുലർത്തിയത്. ബെഹ്റൻഡോർഫ് മൂന്നോവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും റിലെ മെറഡിത് രണ്ട് വിക്കറ്റും ഹൃദ്ധിക് ഷോക്കീൻ ഒരുറ് വിക്കറ്റും നേടി. ഏപ്രിൽ പതിനഞ്ചിന് ആർ സീ ബിയ്ക്കെതിരെയാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ അടുത്ത മത്സരം. ഏപ്രിൽ പതിനാറിന് കെ കെ ആറിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.