Skip to content

ആവേശ് ഖാൻ്റെ ആവേശം അതിരുകടന്നു. നടപടിയുമായി ഐ പി എൽ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഇന്ത്യൻ പേസർ ആവേശ് ഖാൻ്റെ അതിരുകടന്ന സെലിബ്രേഷനിൽ നടപടി എടുത്ത് ഐ പി എൽ. മത്സരത്തിലെ അവസാന പന്തിൽ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന് പുറകെയായിരുന്നു ആവേശ് ഖാൻ്റെ ഈ സെലിബ്രേഷൻ.

മത്സരത്തിൽ നേടിയ വിജയശേഷം താൻ ധരിച്ചിരുന്ന ഹെൽമറ്റ് ഗ്രൗണ്ടിലേക്ക് എറിഞ്ഞുകൊണ്ടായിരുന്നു ആവേശ് ഖാൻ്റെ സെലിബ്രേഷൻ. ആവേശ് ഖാൻ ഐ പി എൽ പെരുമാറ്റചട്ടം ലംഘിച്ചതായും ലെവൽ 1 കുറ്റം ആവേശ് ഖാൻ സമ്മതിച്ചതായും ആവേശ് ഖാന് ശാസന നൽകിയതായും ഐ പി എൽ പ്രസ്താവനയിലൂടെ അറിയിച്ചു.

കൂടാതെ മത്സരത്തിലെ മോശം ഓവർ നിരക്കിനെ തുടർന്ന് ആർ സീ ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിനെതിരെ 12 ലക്ഷം ഐ പി എൽ പിഴവിധിച്ചു. നിശ്ചിത സമയത്തിനുള്ളിൽ 20 ഓവർ പൂർത്തിയാക്കുവാൻ സാധിക്കാതിരുന്നതിനാൽ ഔട്ട് സൈഡ് സർക്കിളിൽ നാല് ഫീൽഡർമാരുമായി ആർ സീ ബി കളിക്കേണ്ടിവന്നിരുന്നു.

മത്സരത്തിലെ വിജയത്തോടെ ലഖ്നൗ സൂപ്പർ ജയൻ്റ്സ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.