Skip to content

തകർത്താടി നിക്കോളാസ് പൂരൻ ! ത്രസിപ്പിക്കുന്ന വിജയവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

നിക്കോളാസ് പൂരൻ്റെയും മാർക്കസ് സ്റ്റോയിനിസിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിൽ ആവേശവിജയം ആർ സീ ബിയ്ക്കെതിരെ ആവേശവിജയം കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു വിക്കറ്റിനായിരുന്നു ലഖ്നൗവിൻ്റെ വിജയം.

മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 213 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ എൽ എസ് ജി മറികടന്നു. മോശം തുടക്കമായിരുന്നു ലക്നൗവിന് ലഭിച്ചത്. 23 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് ടീമിന് നഷ്ടപെട്ടു. കെ എൽ രാഹുൽ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ 30 പന്തിൽ 6 ഫോറും 5 സിക്സും ഉൾപ്പടെ 65 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ലഖ്നൗവിനെ മത്സരത്തിൽ തിരിച്ചെത്തിച്ചത്.

സ്റ്റോയിനിസ് പുറത്തായ ശേഷം ക്രീസിലെത്തിയ നിക്കോളാസ് പൂരനും തകർത്തടിച്ചതോടെ ലഖ്നൗ മത്സരം കൈപിടിയിൽ ഒതുക്കുകയായിരുന്നു. വെറും 15 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ നിക്കോളാസ് 19 പന്തിൽ 4 ഫോറും 7 സിക്സും ഉൾപ്പടെ റൺസ് അടിച്ചുകൂട്ടി. 24 പന്തിൽ 34 റൺസ് നേടിയ ബഡോനി മികച്ച പിന്തുണ നൽകി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 44 പന്തിൽ 4 ഫോറും 4 സിക്സും അടക്കം 61 റൺസ് നേടിയ വിരാട് കോഹ്ലി, 29 പന്തിൽ 3 ഫോറും 6 സിക്സും ഉൾപ്പടെ 59 റൺസ് നേടിയ ഗ്ലെൻ മാക്സ്‌വെൽ, 46 പന്തിൽ 5 ഫോറും 5 സിക്സും ഉൾപ്പടെ പുറത്താകാതെ 79 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ കുറിച്ചത്.

ഏപ്രിൽ പതിനഞ്ചിന് പഞ്ചാബ് കിങ്സിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അടുത്ത മത്സരം. അതേ ദിവസം ഡൽഹി ക്യാപിറ്റൽസുമായി ആർ സീ ബി ഏറ്റുമുട്ടും.