Skip to content

ഐ പി എൽ റേറ്റിങിൽ വൻ കുതിപ്പ് പക്ഷേ വരുമാനത്തിൽ തിരിച്ചടി !! കാരണം ഇതാണ്

ഐ പി എൽ 2023 സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ഈ ഐ പി എൽ ടീമുകൾ തമ്മിൽ മാത്രമുള്ള പോരാട്ടമല്ല മറിച്ച് രണ്ട് വൻകിട കമ്പനികളായ ജിയോയും ഡിസ്നി സ്റ്റാറും തമ്മിലുള്ള പോരാട്ടം കൂടിയാണ്. ഐ പി എൽ ടെലിവിഷൻ റൈറ്റ്സ് സ്റ്റാറിനും ഡിജിറ്റൽ റൈറ്റ്സ് ജിയോ സിനിമയുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

രണ്ട് കൂട്ടരുടെയും പ്രതീക്ഷ പോലെ റേറ്റിങ്ങിൽ വലിയ കുതിപ്പാണ് ഐ പി എൽ നടത്തിയിരിക്കുന്നത്. പക്ഷേ ഈ കുതിപ്പ് ഇരുകൂട്ടരുടെയും വരുമാനത്തെ കാര്യമായി സഹായിച്ചിട്ടില്ല. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിതന്നെയാണ് അതിന് കാരണം. ഇക്കുറി ഐ പി എല്ലിനായി പരസ്യം ചെയ്യുന്ന കമ്പനികളുടെ എണ്ണത്തിൽ വലിയ കുറവാണ് വന്നിരിക്കുന്നത്.

ടെലിവിഷനിൽ കഴിഞ്ഞ തവണ ആദ്യ മത്സരത്തിൽ പരസ്യദാതാക്കളുടെ എണ്ണം 52 ആയിരുന്നുവെങ്കിൽ ഇക്കുറി അത് 31 ലേക്ക് ചുരുങ്ങി. ഡിജിറ്റലിലാണ് പരസ്യദാതാക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഹോട്ട്സ്റ്റാറിൽ 160 പരസ്യദാതാക്കൾ ഉണ്ടായിരുന്നുവെങ്കിൽ ഇക്കുറി ജിയോ സിനിമയിൽ അത് 50 ലേക്ക് ചുരുങ്ങി.

എന്നാൽ വ്യൂവർഷിപ്പിലേക്ക് നോക്കുമ്പോൾ ജിയോ സിനിമ ആദ്യ ആഴ്ച്ച തന്നെ ഐസിസി ടി20 ലോകകപ്പ്, ഐ പി എൽ 2022 എന്നിവയുടെ റെക്കോർഡുകൾ തകർത്തു. ആദ്യ ആഴ്ച്ചയിൽ 147 കോടി കാഴ്ച്ചക്കാരാണ് ജിയോ സിനിമയിൽ മത്സരങ്ങൾ കണ്ടത്. ഓപ്പണിംഗ് മത്സരത്തിൽ ഒരു സമയം പീക്ക് വ്യൂവർഷിപ്പ് 17 മില്യൺ പിന്നിട്ടിരുന്നു.

ടെലിവിഷൻ റേറ്റിങിൽ 29% വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. സ്റ്റാർ സ്പോർട്ട്സിൽ പീക്ക് വ്യൂവർഷിപ്പ് 5.6 കോടി പിന്നിടുകയും ചെയ്തു. ആദ്യ മത്സരം സ്റ്റാർ സ്പോർട്ട്സിൽ 14 കോടി പേർ കണ്ടപ്പോൾ ജിയോ സിനിമയിൽ 6 കോടി പേർ മത്സരം കണ്ടു. റിപോർട്ടുകൾ പ്രകാരം സീസണിന് മുൻപേ തന്നെ 2200 കോടി പരസ്യവരുമാനം സ്റ്റാർ സ്പോർട്ട്സ് സ്വന്തമാക്കിയപ്പോൾ ജിയോ സിനിമ 1400 കോടി രൂപ പരസ്യവരുമാനത്തിലൂടെ നേടി.