Skip to content

റിങ്കു ദി ഹീറോ !! തുടർച്ചയായി 5 സിക്സ് പറത്തി കെ കെ ആറിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ്

ഗുജറാത്ത് ടൈറ്റൻസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. റിങ്കു സിങിൻ്റെ അവിശ്വസനീയ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം കെ കെ ആർ കുറിച്ചത്.

205 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കെ കെ ആർ തുടക്കത്തിൽ തകർന്നുവെങ്കിലും പിന്നീട് ക്യാപ്റ്റൻ നിതീഷ് റാണയുടെയും വെങ്കടേഷ് അയ്യരുടെയും മികവിൽ മത്സരത്തിൽ തിരിച്ചെത്തിയിരുന്നു. അയ്യർ 40 പന്തിൽ 8 ഫോറും 5 സിക്സും ഉൾപ്പടെ 83 റൺസ് നേടിയപ്പോൾ നിതീഷ് റാണ 29 പന്തിൽ 45 റൺസ് നേടി. എന്നാൽ പിന്നീട് പതിനേഴാം ഓവറിൽ ആന്ദ്രേ റസ്സൽ, സുനിൽ നരെയ്ൻ, ഷാർദുൽ താക്കൂർ എന്നിവരെ പുറത്താക്കി ഹാട്രിക്ക് നേടികൊണ്ട് റാഷിദ് ഖാൻ മത്സരം ഗുജറാത്തിൻ്റെ വരുതിയിലാക്കി.

അവസാന ഓവറിൽ 29 റൺസ് വേണമെന്നിരിക്കെ ടൈറ്റൻസ് വിജയം മനസ്സിൽ കുറിച്ചു. ഓവറിലെ ആദ്യ പന്തിൽ സിംഗിൾ നേടികൊണ്ട് ഉമേഷ് യാദവ് സ്ട്രൈക്ക് റിങ്കുവിന് കൈമാറിയ ശേഷം പിന്നീട് കണ്ടതെല്ലാം അവിശ്വസനീയമായിരുന്നു. അടുത്ത അഞ്ച് പന്തുകളും ബൗണ്ടറികടത്തികൊണ്ട് റിങ്കു ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 21 പന്തിൽ ഒരു ഫോറും 6 സിക്സും ഉൾപ്പടെ 48 റൺസ് റിങ്കു സിങ് അടിച്ചുകൂട്ടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 24 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പടെ 63 റൺസ് നേടിയ വിജയ് ശങ്കർ, 38 പന്തിൽ 53 റൺസ് നേടിയ സായ് സുദർശൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

സീസണിലെ കെ കെ ആറിൻ്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തുവാൻ കെ കെ ആറിന് സാധിച്ചു.

വീഡിയോ :