Skip to content

തകർത്താടി രഹാനെ ! മുംബൈയെ കോട്ടയിൽ കേറിയടിച്ച് സി എസ് കെ

ഐ പി എൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം. മുംബൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു സി എസ് കെയുടെ വിജയം.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ സി എസ് കെ മറികടന്നു. 19 പന്തിൽ ഫിഫ്റ്റി നേടി തകർത്തടിച്ച അജിങ്ക്യ രഹാനെയാണ് സി എസ് കെ വിജയം എളുപ്പമാക്കിയത്. 27 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പടെ 61 റൺസ് നേടിയാണ് രഹാനെ പുറത്തായത്.

ശിവം ദുബെ 28 റൺസ് നേടിയപ്പോൾ റിതുരാജ് ഗയ്ക്ക്വാദ് പന്തിൽ റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 157 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 32 റൺസ് നേടിയ ഇഷാൻ കിഷനും 31 റൺസ് നേടിയ ടിം ഡേവിഡും മാത്രമാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങിയത്. സി എസ് കെയ്‌ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും തുഷാർ ദേശ്പാണ്ഡെ, മിച്ചൽ സാൻ്റ്നർ രണ്ട് വിക്കറ്റ് വീതവും നേടി. ഏപ്രിൽ പതിനൊന്നിന് ഡൽഹിയ്ക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം സഞ്ജുവിൻ്റെ റോയൽസിനെതിരെയാണ് സി എസ് കെയുടെ അടുത്ത മത്സരം.