Skip to content

19 പന്തിൽ ഫിഫ്റ്റി !! മുംബൈ ഇന്ത്യൻസിനെതിരെ തകർത്താടി രഹാനെ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ സീനിയർ താരം അജിങ്ക്യ രഹാനെ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു ഈ ഗംഭീര പ്രകടനം രഹാനെ പുറത്തെടുത്തത്.

ആദ്യ ഓവറിൽ ഡെവൻ കോൺവെ പുറത്തായ ശേഷം ക്രീസിലെത്തിയ രഹാനെ തുടക്കം മുതൽ തകർത്തടിച്ചു. വെറും 19 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ രഹാനെ 27 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പടെ 61 റൺസ് നേടിയാണ് പുറത്തായത്. മറുഭാഗത്ത് തകർപ്പൻ ഫോമിലുള്ള റിതുരാജ് ഗയ്ക്ക്വാദ് റൺസ് കണ്ടെത്താൻ വിഷമിക്കവെയായിരുന്നു ആദ്യ രണ്ട് മത്സരം പുറത്തിരുന്ന രഹാനെയുടെ ഈ പ്രകടനം.

ഈ ഐ പി എൽ സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണിത്. കൂടാതെ ഐ പി എല്ലിലെ ഒരു സി എസ് കെ ബാറ്റ്സ്മാൻ്റെ രണ്ടാമത്തെ വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോർഡിൽ കഴിഞ്ഞ സീസണിൽ റോയൽസിനെതിരെ 19 പന്തിൽ ഫിഫ്റ്റി നേടിയ മോയിൻ അലിയ്‌ക്കൊപ്പം രഹാനെയെത്തി. 2014 സീസണിൽ പഞ്ചാബിനെതിരെ 16 പന്തിൽ ഫിഫ്റ്റി നേടിയ സുരേഷ് റെയ്നയാണ് ഈ റെക്കോർഡിൽ മുന്നിലുള്ളത്.

മുംബൈ ഇന്ത്യൻസിനെതിരായ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി കൂടിയാണിത്. 14 പന്തിൽ കെ കെ ആറിന് വേണ്ടി ഫിഫ്റ്റി നേടിയ പാറ്റ് കമ്മിൻസ്, 18 പന്തിൽ ഡൽഹിയ്‌ക്ക് വേണ്ടി ഫിഫ്റ്റി നേടിയ റിഷഭ് പന്ത് എന്നിവരാണ് ഈ റെക്കോർഡിൽ രഹാനെയ്‌ക്ക് മുൻപിലുള്ളത്.