Skip to content

ഐ പി എല്ലിലെ കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

ഐ പി എല്ലിൽ വിരാട് കോഹ്‌ലിയുടെ വമ്പൻ റെക്കോർഡ് തകർത്ത് ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് തകർപ്പൻ റെക്കോർഡ് വാർണർ സ്വന്തമാക്കിയത്.

ഡൽഹി ക്യാപിറ്റൽസ് 57 റൺസിന് പരാജയപെട്ട മത്സരത്തിൽ 55 പന്തിൽ 65 റൺസ് വാർണർ നേടിയിരുന്നു. മത്സരത്തിലെ ഫിഫ്റ്റിയോടെ ഐ പി എല്ലിൽ 6000 റൺസ് വാർണർ പൂർത്തിയാക്കി. ഐ പി എല്ലിൽ ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ താരവും ആദ്യ വിദേശ താരവും കൂടിയാണ് വാർണർ. കൂടാതെ ഏറ്റവും വേഗത്തിൽ ഐ പി എല്ലിൽ 6000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡും ഡേവിഡ് വാർണർ സ്വന്തമാക്കി.

165 ഇന്നിങ്‌സുകളിൽ നിന്നും 6000 റൺസ് പിന്നിട്ട വാർണർ 188 ഇന്നിങ്സിൽ നിന്നും 6000 റൺസ് നേടിയ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് തകർത്തത്. കോഹ്ലിയെയും വാർണറെയും കൂടാതെ ശിഖാർ ധവാനാണ് ഐ പി എല്ലിൽ 6000 റൺസ് നേടിയിട്ടുള്ളത്.

മത്സരത്തിൽ പരാജയപെട്ടതോടെ സീസണിലെ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. ഇനി മുംബൈ ഇന്ത്യൻസിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ അടുത്ത മത്സരം.