Skip to content

സമ്പൂർണ്ണ ആധിപത്യം ! ഡൽഹിയ്ക്കെതിരെ തകർപ്പൻ വിജയവുമായി രാജസ്ഥാൻ റോയൽസ്

ഡൽഹി ക്യാപിറ്റൽസിനെ തകർത്തുകൊണ്ട് വിജയവഴിയിൽ തിരിച്ചെത്തി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. 57 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കുറിച്ചത്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഡൽഹി ക്യാപിറ്റൽസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടാനെ സാധിച്ചുള്ളൂ. നാലോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ട്രെൻഡ് ബോൾട്ടും 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ചഹാലുമാണ് ഡൽഹിയെ തകർത്തത്. അശ്വിൻ രണ്ട് വിക്കറ്റും സന്ദീപ് ശർമ്മ ഒരു വിക്കറ്റും നേടി.

55 പന്തിൽ 65 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണറും 24 പന്തിൽ 38 റൺസ് നേടിയ ലളിത് യാദവും മാത്രമാണ് ഡൽഹിക്ക് വേണ്ടി മികവ് പുലർത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 31 പന്തിൽ 60 റൺസ് നേടിയ ജയ്സ്വാൾ, 51 പന്തിൽ 79 റൺസ് നേടിയ ജോസ് ബട്ട്ലർ, 21 പന്തിൽ പുറത്താകാതെ 39 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ഏപ്രിൽ പതിനൊന്നിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം ചെന്നൈ സൂപ്പർ കിങ്സുമായാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം.