Skip to content

വൈകാതെ അവൻ ഇന്ത്യൻ ക്യാപ്റ്റനാകും ! സഞ്ജുവിനെ പ്രശംസിച്ച് എ ബി ഡിവില്ലിയേഴ്സ്

ഐ പി എൽ 2023 സീസൺ ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ജു സാംസൺ നയിക്കുന്ന കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ രാജസ്ഥാൻ റോയൽസ് ഇക്കുറിയും മികച്ച രീതിയിലാണ് സീസൺ ആരംഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെ തോൽപ്പിച്ച റോയൽസ് രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനോട് പൊരുതികീഴടങ്ങിയിരുന്നു.

രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജു കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ 25 പന്തിൽ 42 റൺസ് നേടിയാണ് പുറത്തായത്. സഞ്ജു മികച്ച പ്രകടനം തുടരവെ മലയാളി താരത്തെ പ്രശംസിച്ചിരിക്കുകയാണ് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. അത്ഭുതം നടത്താൻ കഴിയുന്ന ക്യാപ്റ്റനാവാനുള്ള എല്ലാ യോഗ്യതകളും സഞ്ജുവിനുണ്ടെന്നും അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സഞ്ജു ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനാകാനുള്ള സാദ്ധ്യതയുമുണ്ടെന്നും എ ബി പറഞ്ഞു.

” അത്ഭുതകരമായ ക്യാപ്റ്റനാവാനുള്ള എല്ലാ കഴിവും യോഗ്യതകളും സഞ്ജുവിനുണ്ട്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഏതെങ്കിലുമൊരു ഫോർമാറ്റിൽ അവൻ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായേക്കാം. ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനാവാനുള്ള എല്ലാ യോഗ്യതയും അവനുണ്ട്. അത് അവൻ്റെ ക്രിക്കറ്റിനും ഗുണം ചെയ്യും. ” ദീർഘകാലം ക്യാപ്റ്റനാകുവാൻ കഴിഞ്ഞാൽ അവൻ ഉയരങ്ങൾ കീഴടക്കും. ”

” നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ സഞ്ജു അസാമാന്യ പ്ലേയറാണ്. പക്ഷേ അവൻ്റെ ക്യാപ്റ്റൻസിയോ? അവൻ പാലിക്കുന്ന സംയമനമാണ് എൻ്റെ മനസ്സിൽ ആദ്യം വരുന്നത്. ശാന്തനായ വ്യക്തിയാണ് അവൻ. ഒന്നിനോടും അവൻ കലഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അത് നല്ലൊരു അടയാളമാണ്. ” എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.