ഇന്ത്യയ്ക്കും കെ കെ ആറിനും തിരിച്ചടി. സൂപ്പർതാരത്തിന് മൂന്ന് മാസം നഷ്ടമാകും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ഒപ്പം ഇന്ത്യൻ ടീമിനും കനത്ത തിരിച്ചടി. ഐ പി എല്ലിൽ കെ കെ ആർ ക്യാപ്റ്റനും സ്റ്റാർ ഇന്ത്യൻ ബാറ്റ്സ്മാനുമായ ശ്രേയസ് അയ്യർ മൂന്ന് മാസം ക്രിക്കറ്റിൽ നിന്നും പുറത്ത്.

ബാക്ക് ഇഞ്ചുറിയെ തുടർന്ന് ഐ പി എല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമായ താരം സീസണിൽ തിരിച്ചെത്തില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ജൂണിൽ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും താരത്തിന് നഷ്ടമാകും. ബാക്ക് ഇഞ്ചുറിയ്‌ക്ക് പരിഹാരം കാണുവാൻ സർജറിക്ക് വിധേയനാകുവാൻ അയ്യർ ഒരുങ്ങുകയാണ്. ഇതോടെ മൂന്ന് മാസം ക്രിക്കറ്റിൽ നിന്നും താരം വിട്ടുനിൽക്കേണ്ടിവരും. എന്നാൽ ഏകദിന ലോകകപ്പിന് മുൻപേ അയ്യർക്ക് തിരിച്ചെത്താനാകുമെന്നതാണ് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന കാര്യം.

ശ്രേയസ് അയ്യർക്ക് പകരം താൽകാലിക ക്യാപ്റ്റനായി നിതീഷ് റാണയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിയമിച്ചിരുന്നു. എന്നാൽ അയ്യർ ഏതെങ്കിലും ഘട്ടത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷ കെ കെ ആർ പ്രകടിപ്പിച്ചിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ ശിഖാർ ധവാൻ നയിച്ച പഞ്ചാബ് കിങ്സിനോട് കെ കെ ആർ പരാജയപെട്ടിരുന്നു. ഹോം ഗ്രൗണ്ടിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് കെ കെ ആറിൻ്റെ അടുത്ത മത്സരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top