Skip to content

തകർന്നടിഞ്ഞ് സൺറൈസേഴ്സ് ! വമ്പൻ വിജയവുമായി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

സൺറൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വമ്പൻ വിജയം. സൺറൈസേഴ്സിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 72 റൺസിനായിരുന്നു സഞ്ജുവിൻ്റെയും കൂട്ടരുടെയും വിജയം.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 204 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സ് ഹൈദരബാദിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടാനെ സാധിച്ചുള്ളൂ.

ആദ്യ ഓവറിൽ അഭിഷേക് ശർമ്മയെയും രാഹുൽ ത്രിപാതിയെയും പുറത്താക്കികൊണ്ട് ട്രെൻഡ് ബോൾട്ടാണ് സൺറൈസേഴ്സിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ആ തകർച്ചയിൽ നിന്നും കരകയറുവാൻ പിന്നീട് ടീമിന് സാധിച്ചില്ല. മായങ്ക് അഗർവാൾ 23 പന്തിൽ 27 റൺസ് നേടി പുറത്തായപ്പോൾ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന് 21 പന്തിൽ 13 റൺസ് നേടുവാനെ സാധിച്ചുള്ളൂ. അബ്ദുൽ സമദ് 32 റൺസും ഉമ്രാൻ മാലിക്ക് 8 പന്തിൽ 19 റൺസും നേടി.

റോയൽസിന് വേണ്ടി യുസ്വെന്ദ്ര ചഹാൽ നാലോവറിൽ 4 വിക്കറ്റ് വീഴ്ത്തി മികവ് പുലർത്തി. ബോൾട്ട് രണ്ട് വിക്കറ്റ് നേടിയപ്പോൾ അശ്വിൻ, ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 22 പന്തിൽ 54 റൺസ് നേടിയ ജോസ് ബട്ട്ലർ, 32 പന്തിൽ 55 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, 37 പന്തിൽ 54 റൺസ് നേടിയ യശസ്വി ജയ്സ്വാൾ എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ നേടിയത്.

ഏപ്രിൽ അഞ്ചിന് പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം. ഏപ്രിൽ ഏഴിന് ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരബാദിൻ്റെ അടുത്ത മത്സരം.